ഒരു സംശയവുമില്ല, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മോശമായ ഒന്നായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു. വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കും ഐ.ജിയടക്കം പറഞ്ഞപോലെ അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തന്നെയാണ് ആരോപണം നീങ്ങുന്നത്. ഒന്നാമത് മുപ്പതിൽപരം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സംവിധാനം മാറ്റണം.
കേരള പോലീസിന്റെയും നിയമ സംവിധാനങ്ങളുടെയും ഭരണ സംവിധാനങ്ങളുടെയും വ്യത്യസ്ത മുഖങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്. നിയമ വിരുദ്ധമായി പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലകൾക്കെതിരെ പ്രതികരിച്ച 90 കഴിഞ്ഞ ഗ്രോ വാസുവിനെ ഏഴു വർഷത്തിനു ശേഷം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതും എത്രയോ കാലമായി ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടികളെടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ ദാരുണമായ കൊലപാതകവും മകളെ മാപ്പ് എന്ന പോലീസിന്റെ കുമ്പസാരവും സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു തൊട്ടുമുമ്പ് കണ്ണൂരിൽ നടക്കുന്ന കൊലവിളികൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ആഭ്യന്തര - മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്കുണ്ടാക്കിയ സാങ്കേതിക വിഷയത്തിൽ കേസെടുത്തതും കേരളം കണ്ടു. ഐ.ജി ലക്ഷ്മണ ആരോപിച്ച പോലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടോ?
2016 ൽ നിലമ്പൂർ കരുളായി വനമേഖലയിൽ വെച്ച് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ് എന്ന വൃദ്ധനെയും അജിത എന്ന സ്ത്രീയെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം മറക്കാറായിട്ടില്ലല്ലോ. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പോലും പോലീസ് വിസമ്മതിച്ചു എത്രയും വേഗം ശവമെടുത്ത് കൊണ്ടുപോകാൻ ആക്രോശിച്ച് കൂപ്പു ദേവരാജന്റെ സഹോദരന്റെ കുപ്പായത്തിൽ പിടിച്ചു ഭീഷണിപ്പെടുത്തിയ അന്നത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമദാസന്റെ നടപടിയും നാം കണ്ടു. പിന്നീട് അട്ടപ്പാടിയിലും വയനാട്ടിലും മറ്റും സമാന സംഭവങ്ങൾ ആവർത്തിച്ചു. ഉത്തരേന്ത്യയിലും മറ്റും പതിവുള്ള പോലെ കീഴടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് അട്ടപ്പാടിയിലെ കൊലകൾ നടന്നത്. ഒരിടത്തും മാവോയിസ്റ്റുകൾ പോലീസിനെ അആക്രമിച്ചിട്ടില്ല. ഏറ്റുമുട്ടൽ നടന്നിട്ടുമില്ല. അര നൂറ്റാണ്ട് മുമ്പ് വർഗീസിനെ സമാനമായ രീതിയിൽ വെടിവെച്ചു കൊന്നതിനു ശേഷം കേരളത്തിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിച്ചത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതിനു ശേഷം മാത്രമാണ്. ആ സംഭവത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം ഐ.ജി ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ. പോലീസിന്റെ മനോവീര്യത്തിന്റെ പേരു പറഞ്ഞാണ് പിണറായി വിജയൻ ഈ നടപടികളെ ന്യായീകരിച്ചത്. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളെയും ഭരണകൂട ഭീകരതയെയും വിമർശിക്കുന്നവരാണ് കേരളം ഭരിക്കുന്നത് എന്നതും ഓർക്കേണ്ടതാണ്.
നിലമ്പൂരിൽ നടന്ന വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വാസുവേട്ടനടക്കമുള്ളവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനും അതിനു വേണ്ടി സംഘം ചേരാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശമാണ്. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനുൾപ്പെടെയുള്ളവർ ഇതേ ആവശ്യമുന്നയിച്ചിരുന്നു.
ആലുവയിൽ നടന്ന ഭീകരവും ദാരുണവുമായ സംഭവത്തിൽ പോലീസിനോ ഭരണ സംവിധാനങ്ങൾക്കോ ഒരു പങ്കുമില്ലെന്നും കഴിയുന്നത്ര വേഗത്തിൽ പ്രതിയെ പിടികൂടിയെന്നുമുള്ള മന്ത്രിമാരടക്കമുള്ളവരുടെ ന്യായീകരണം കാണുന്നുണ്ട്. കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന വാദം. എന്നാൽ കുറ്റവാളികളെ പിടികൂടുന്നതു മാത്രമല്ല, കുറ്റങ്ങളുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതു കൂടി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതിൽ വലിയ വീഴ്ചയുണ്ടെന്നു തന്നെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മൂന്നു പ്രധാന വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള എന്തെങ്കിലും വിശദാംശങ്ങൾ സർക്കാരിന്റെ കൈവശമുണ്ടോ, സംസ്ഥാനത്ത് മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ നിയമ വിരുദ്ധമായ ഉപയോഗത്തെ നിയന്ത്രിക്കാനാവുന്നുണ്ടോ തുടങ്ങിയവയൊക്കെയാണ് പ്രധാന ചോദ്യങ്ങൾ.
ഈ സംഭവത്തിന്റെ പേരിൽ ഇതര സംസ്ഥാന തൊഴിലാളികളെ അടച്ചാപേക്ഷിക്കുന്ന പ്രവണത കാണുന്നുണ്ട്. അതു ശരിയല്ല. എല്ലാ സമൂഹങ്ങളിലും കുറ്റവാളികളുണ്ട്. എന്നാൽ കേരളത്തിൽ ജീവിക്കുന്ന ഏതൊരാളെ കുറിച്ചുമുള്ള മിനിമം വിവരങ്ങൾ സർക്കാരിന്റെ ഏതെങ്കിലും രേഖകളിൽ ഉണ്ടാകുമല്ലോ. അഥവാ ഉണ്ടാകണമല്ലോ. എന്നാൽ ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിൽ വലിയ വീഴ്ചയാണ് നിലനിൽക്കുന്നത്. സർക്കാർ കണക്കനുസരിച്ച് അഞ്ചു ലക്ഷം പേർ മാത്രമാണ് ഇവിടെയുള്ളതത്രേ... ഈ തൊഴിലാളികളിൽ കൊടുംകുറ്റവാളികൾ ഉണ്ടെങ്കിലും കണ്ടെത്താനുള്ള ഒരു സംവിധാനവുമില്ല. ഈ കൊലയാളി രണ്ടുദിവസം മുമ്പാണ് ആലുവയിലെത്തിയത് എന്ന് പോലീസ് പറയുമ്പോൾ രണ്ട് മാസമായി അയാളെ കാണുന്നുണ്ടെന്നും തികച്ചും സാമൂഹ്യ വിരുദ്ധനാണ് അയാളെന്നും നാട്ടുകാർ പറയുന്നതു തന്നെ ഉദാഹരണം. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ പ്രത്യേക നിയമമൊന്നും പ്രയോഗിക്കരുത്. മറിച്ച്, മറ്റുള്ളവർക്കു ബാധകമായ നിയമങ്ങളേ വേണ്ടൂ. അയാളെ വിട്ടുതരൂ, ഞങ്ങൾ ശരിയാക്കാം എന്നൊക്കെയുള്ള ആക്രോശങ്ങൾ ജനാധിപത്യ സംവിധാനത്തിൽ അനുയോജ്യമല്ല. വാസ്തവത്തിൽ കേരളം ഇന്നു നിലനിൽക്കുന്നതു തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൊണ്ടാണ്.
ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മയക്കുമരുന്നുപയോഗം. അക്കാര്യത്തിൽ മലയാളി യുവാക്കളംു മോശമല്ല. ഇതര സംസ്ഥാന തൊഴിലാളികളിലെ ഒരു വിഭാഗവും അതിനടിമകളാണ്. എല്ലാവരും അങ്ങനെയല്ല എന്നതിനു തെളിവാണ് കുഞ്ഞിനെ നഷ്ടപ്പെട്ട ആ കുടുംബം. എന്തായാലും മയക്കുമരുന്നടക്കമുള്ള ലഹരി ഉപയോഗത്തെ തടയുന്ന കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. അതുമായി ബന്ധപ്പെട്ടു തന്നെയാണ് പൊതുയിടങ്ങളിലെ ഡാർക്ക് സ്‌പോട്ടുകളുടെ വിഷയവും ഉയർന്നു വരുന്നത്. ദൽഹിയിൽ നിർഭയ കൊല്ലപ്പെട്ടതും ഇത്തരം ഡാർക്ക് സ്‌പോട്ടിലാണ്. ഇക്കാരണങ്ങൾ കൊണ്ടൊക്കെ ഈ അരുംകൊലയിൽ നമ്മുടെ ഭരണ സംവിധാനങ്ങൾക്കും പോലീസിനുമൊക്കെ ഉത്തരവാദിത്തമുണ്ട്. കൃത്യമായി പറഞ്ഞാൽ കേരളത്തിനു മൊത്തം ഉത്തരവാദിത്തമുണ്ട്. മകളെ, മാപ്പ് എന്ന കുമ്പസാരം ഇതിനുള്ള പരിഹാരമല്ല.
മുകളിൽ സൂചിപ്പിച്ച മറ്റു ചില വിഷയങ്ങളും ഇതോടുകൂടെ പറയാതെ വയ്യ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിൽ നിന്നു മാത്രമല്ല, കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത് കൊലവിളികളാണ്, ചോര വീഴ്ത്താനുള്ള ആക്രോശങ്ങളാണ്. അതാകട്ടെ, മിക്കതും ഉന്നത നേതാക്കളിൽ നിന്ന്. അടുത്ത കാലത്തായി അൽപം ശാന്തമായ കേരള രാഷ്ട്രീയം സംഘർഷ ഭരിതമാക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മൈക്ക് സാങ്കേതിക പ്രശ്‌നം കാണിച്ചപ്പോൾ അതിനെതിരെ കേസെടുത്ത അപഹാസ്യമായ സംഭവവും കേരളം കണ്ടു.
ഒരു സംശയവുമില്ല, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മോശമായ ഒന്നായി ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു. വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കും ഐ.ജിയടക്കം പറഞ്ഞ പോലെ അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തന്നെയാണ് ആരോപണം നീങ്ങുന്നത്. ഒന്നാമത് മുപ്പതിൽപരം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സംവിധാനം മാറ്റണം.






