ബങ്കളത്ത് 16കാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു, സംഭവമറിഞ്ഞ് അയല്‍വാസിയായ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട് - ബങ്കളത്ത് 16കാരന്‍ വെള്ളക്കെട്ടില്‍  വീണ് മുങ്ങിമരിച്ചു. സംഭവമറിഞ്ഞ അയല്‍വാസിയായ  വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. എരിക്കുളത്ത് താമസിക്കുന്ന ആല്‍ബിന്‍ (16) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.  കുട്ടിയുടെ മരണ വിവരമറിഞ്ഞ അയല്‍വാസിയായ വിലാസിനിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍ - ദീപ  ദമ്പതികളുടെ മകനായ ആല്‍ബിന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരമാണ്  ആല്‍ബിനും ബന്ധുക്കളും കളിമണ്‍ ഖനനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ആല്‍ബിന്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് തെരച്ചില്‍ നടത്തിയത്. പിന്നീട് അഗ്‌നിരക്ഷാ സേന, സ്‌കൂബ ടീം അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ തെരച്ചില്‍ വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ആല്‍ബിന്റെ  മൃതദേഹം കണ്ടെത്തിയത്.  കുട്ടി വെള്ളക്കെട്ടില്‍ വീണതറിഞ്ഞ് ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബങ്കളം സ്വദേശിനി 62 വയസുകാരി വിലാസിനിയാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. ഇന്നലെ വൈകുന്നേരം വാര്‍ത്ത അറിഞ്ഞ ഇവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.

 

Latest News