വഖഫ് ബോർഡ് യോഗം ഇന്ന്; പുതിയ ചെയർമാനെ നിശ്ചയിക്കാൻ സമസ്തയുടെ നിർദേശം തേടും

കോഴിക്കോട്-സ്ഥാനമൊഴിയുകയാണെന്ന ടി.കെ.ഹംസയുടെ പ്രഖ്യാപനത്തിനും വിവാദങ്ങള്‍ക്കുമിടെ വഖഫ് ബോര്‍ഡ് യോഗം ഇന്ന് കോഴിക്കോട് നടക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതായി മുന്‍മന്ത്രി ടി കെ ഹംസ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തേണ്ടതുണ്ട്. പുതിയ ചെയര്‍മാനെ നിശ്ചയിക്കുന്നതില്‍ സമസ്തയുടെ നിര്‍ദേശം തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെയാണ് ഹംസ സ്ഥാനമൊഴിയുന്നത്. ആരോഗ്യകാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ഹംസ പറഞ്ഞതെങ്കിലും   മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുത്തിരുന്നില്ല.  യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്നു പരാമർശമുള്ള മിനുറ്റ്സ് പുറത്തുവന്നിരുന്നു. ടികെ ഹംസ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന നോട്ടീസ് വായിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണെന്നും പറയുന്നു.  

Latest News