തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണ വേട്ട; 170 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചു

ചെന്നൈ- തമിഴ്‌നാട്ടില്‍ റോഡ് നിര്‍മലണ കമ്പനിയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചത് 170 കോടിയോളം രൂപയും 100 കിലോ സ്വര്‍ണവും. കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇത്രയും തുകയും സ്വര്‍ണവും പിടിച്ചത് രാജ്യത്ത് റെക്കോര്‍ഡാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ ട്രാവല്‍ ബാഗുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലും നിറച്ച പണവും സ്വര്‍ണവും നിര്‍ദേശം ലഭിച്ചാലുടന്‍ മാറ്റാന്‍ ഒരുക്കി വെച്ചതായിരുന്നു.
സര്‍ക്കാരില്‍നിന്ന് കരാറെടുത്ത് റോഡുകളും ഹൈവേകളും നിര്‍മിക്കുന്ന എസ്.പി.കെ ഗ്രൂപ്പിന്റെ ഓഫീസുകളിലും ഗോഡൗണുകളിലും തിങ്കളാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇന്നലെ വൈകിട്ടും അവസാനിച്ചിട്ടില്ല.
ഏതാണ്ട് 36 കോടിയോളം രൂപ ഒറ്റ ബി.എം.ഡബ്ല്യൂ കാറിലായിരുന്നു. 25 കോടി രൂപ മറ്റൊരു ആഡംബര കാറിലും. കണ്ടെടുത്തവയില്‍ ധാരാളം സ്വര്‍ണ ബിസ്‌കറ്റുകളുമുണ്ട്. രാഷ്ട്രീയ ബന്ധമുള്ള സ്ഥാപനത്തില്‍നിന്ന് നികുതി വെട്ടിപ്പിന്റെ തെളിവുകളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചത്. സ്ഥാപനം മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ സ്വന്തക്കാരുടേതാണെന്ന് പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ ആരോപിച്ചു. ആരോപണം നിഷേധിച്ച അണ്ണാ ഡി.എം.കെ ഒറ്റ കരാറുകാരന് തന്നെ എല്ലാ ജോലികളും നല്‍കുന്ന രീതി ഡി.എം.കെയാണ് തുടങ്ങിവെച്ചതെന്ന് ആരോപിച്ചു.

 

Latest News