Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി

മുംബൈ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. ഹര്‍ജിക്കാരിയായ 17കാരി നിരപരാധിയല്ലെന്നും ഗര്‍ഭം സ്ഥിരീകരിച്ച് ഉടന്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, വൈ ജി ഖോബ്രഗഡെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രസവശേഷം ഹര്‍ജിക്കാരിക്ക് കുട്ടിയെ അനാഥാലയത്തിന് കൈമാറാനാണ് താല്‍പര്യമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ജൂലായ് 29 ന് ആണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 17കാരി കോടതിയെ സമീപിച്ചത്. പോക്‌സോ വകുപ്പടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഭാവിയില്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന 17കാരിയുടെ മാനസികാരോഗ്യത്തിന് ഗര്‍ഭധാരണം ഗുരുതരമായ ആഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഗര്‍ഭം അമ്മയുടെയോ കുട്ടിയുടെയോ ജീവനോ ആരോഗ്യത്തിനോ ഭീഷണിയാണെന്ന് കണ്ടെത്തിയാല്‍, 20 ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭധാരണം വേണ്ടായെന്ന് വെക്കാന്‍ കോടതി അനുമതി ആവശ്യമാണ്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരമാണിത്.
2022 ഡിസംബര്‍ മുതല്‍ ഒരു ആണ്‍കുട്ടിയുമായി ഹര്‍ജിക്കാരിക്ക് ഉഭയ സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരയും പ്രതിയും നിരവധി തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടി തന്നെ ഗര്‍ഭപരിശോധനാ കിറ്റ് വാങ്ങി ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. അതിനാല്‍, പരാതിക്കാരിയായ ഇര നിരപരാധിയല്ലെന്നും അവള്‍ക്ക് കാര്യങ്ങളെ കുറിച്ച് പൂര്‍ണമായ ധാരണയും പക്വതയുണ്ടായിരുന്നു. ഗര്‍ഭം തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇതറിഞ്ഞ ഉടന്‍ തന്നെ അലസിപ്പിക്കാനുള്ള അനുമതി തേടാമായിരുന്നു, 'കോടതി പറഞ്ഞു.
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്തിരുന്നു. ഗര്‍ഭസ്ഥശിശുവിന് അപാകതയില്ലെന്നും വളര്‍ച്ച സാധാരണ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം കഴിഞ്ഞതും അവരെ പിടികൂടുന്നതുവരെ രണ്ടാഴ്ചയോളം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍, കുട്ടിയുടെ ഭാവി ആരോഗ്യവും ശാരീരികവും മാനസികവുമായ വികസനവും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Latest News