Sorry, you need to enable JavaScript to visit this website.

ഇവിടെ വരൂ, ഭക്ഷണം കഴിച്ച് എ.സി  മുറിയില്‍ ഫ്രീയായി വിശ്രമിച്ച് പോയ്‌ക്കോളൂ 

അമ്മാന്‍- ഉപഭോക്താക്കള്‍ക്കായി അത്തരത്തിലൊരു വിശ്രമവേള വാഗ്ദാനം ചെയ്യുകയാണ് ജോര്‍ദാനിലെ ഒരു റെസ്റ്റോറന്റ്. രാജ്യത്തിന്റെ ദേശീയ വിഭവമായ മാന്‍സാഫ് കഴിച്ചതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ക്ഷീണം മാറാന്‍ അല്‍പനേരം ഉറങ്ങാന്‍ അവസരം ഒരുക്കുകയാണ് ഈ റസ്റ്റോറന്റ്. ജോര്‍ദ്ദാന്റെ തലസ്ഥാന നഗരമായ അമ്മാനില്‍ സ്ഥിതി ചെയ്യുന്ന മോവാബ് എന്ന റെസ്റ്റോറന്റ് ആണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ സുഖപ്രദമായ കിടക്കകളില്‍ ഉറങ്ങാന്‍ അവസരം നല്‍കുന്നത്.
ജോര്‍ദ്ദാനിലെ പരമ്പരാഗത വിഭവമാണ് മാന്‍സാഫ്. ഈ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ അല്‍്പം കൂടുതല്‍ ക്ഷീണവും മയക്കവും തോന്നുമത്രേ. കൊഴുപ്പ് കൂടിയ ഈ ഭക്ഷണം കഴിച്ചതിനുശേഷം അത് കഴിക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ഉറക്കക്ഷീണത്തിന് ആശ്വാസം നല്‍കാനാണ് ഇത്തരത്തില്‍ ഒരു ആശയം ആരംഭിച്ചത് എന്നാണ് അറബ് ന്യൂസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റസ്റ്റോറന്റ് ഉടമയുടെ മകന്‍ മുസാബ് മുബൈദീന്‍ പറഞ്ഞത്.
ഇത്തരത്തില്‍ ഒരു സംവിധാനം റസ്റ്റോറന്റില്‍ ആരംഭിക്കുന്നതിനു മുന്‍പ് പല ഉപഭോക്താക്കളും മാന്‍സാഫ് കഴിച്ചതിനുശേഷം അല്‍്പനേരം ഉറങ്ങാനുള്ള സൗകര്യം കൂടി ചെയ്തു തരണമെന്ന് തങ്ങളോട് ആവശ്യപ്പെടുമായിരുന്നുവെന്നാണ് റസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്. ഈ ആവശ്യം ശക്തമായതോടെയാണ് ഉപഭോക്താക്കളുടെ സംതൃപ്തി മുന്‍നിര്‍ത്തി ഇത്തരത്തില്‍ സൗജന്യമായ ഒരു വിശ്രമസ്ഥലം ഒരുക്കാന്‍ തീരുമാനിച്ചത് എന്നും അവര്‍ പറയുന്നു. റസ്റ്റോറന്റ് ഒരു ഭാഗത്ത് എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഉപഭോക്താക്കള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ മുറികളില്‍ സുഖമായി ഉറങ്ങാന്‍ കിടക്കയും കട്ടിലുകളും ഉണ്ടാകും. മാന്‍സാഫ് പ്രേമികള്‍ക്ക് മതിയാവോളം ഭക്ഷണവും കഴിച്ച് ക്ഷീണം മാറുന്നത് വരെ വിശ്രമിച്ചതിനു ശേഷം റസ്റ്റോറന്റില്‍ നിന്നും മടങ്ങാം.
 

Latest News