Sorry, you need to enable JavaScript to visit this website.

കാണാതായ തക്കാളിലോറി ഡ്രൈവര്‍ മുക്കിയത്, തക്കാളി മറിച്ചുവിറ്റു

ബെംഗളൂരു- കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി വിവരം ലഭിച്ചു. ജയ്പുരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ അന്‍വര്‍ തക്കാളി പകുതി വിലക്ക് വിറ്റതായാണ് തക്കാളി കയറ്റി അയച്ചവര്‍ക്ക് ലഭിച്ച വിവരം. ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യില്‍നിന്ന് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ട്രാന്‍സ്പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജി.പി.എസ്. ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, യാത്രക്കിടെ ഡ്രൈവര്‍ ജി.പി.എസ്. ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച രാത്രി ലോറി ജയ്പുരിലെത്തേണ്ടതായിരുന്നു. എന്നാല്‍ അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് ലോറി ഉടമ കോലാര്‍ പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് ലോറി ഗുജറാത്തില്‍ കണ്ടെത്തിയതായി സാദിഖിന് വിവരം ലഭിച്ചത്.

Latest News