സൈബര്‍ ആക്രമണം; സുരാജ് പരാതി നല്‍കി

കൊച്ചി- ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി. മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കപ്പെട്ട് തെരുവിലൂടെ നടത്തിയതിനെതിരെ സുരാജ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലുവയില്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നു ചോദിച്ച് സൈബര്‍ ആക്രമണം നടത്തുന്നത്. 

ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ആക്രമണം തുടര്‍ന്നതോടെയാണ് നടന്‍ പോലീസില്‍ പരാതി നല്‍കിയത്. 'മണിപ്പുര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' എന്നായിരുന്നു സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

എറണാകുളം കാക്കനാട് സൈബര്‍ പോലീസ് സ്‌റ്റേഷനിലാണ് സുരാജ് പരാതി നല്‍കിയത്. പേഴ്‌സണല്‍ നമ്പറില്‍ വിളിച്ച് നിരവധി പേര്‍ വധഭീഷണി മുഴക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭരണഘടനയില്‍ പറയുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം ഉള്‍ക്കൊണ്ട് രാജ്യത്തു നടക്കുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുണ്ടെന്നു വ്യക്തമാക്കിയ സുരാജ് അവിടെ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ലെന്നും കല മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും സുരാജ് പറഞ്ഞു. 

സുരാജിന്റെ പേഴ്‌സണല്‍ നമ്പര്‍ ഫേസ്ബുക്കിലൂടെ ചിലര്‍ പരസ്യമാക്കിയിട്ടുണ്ട്. ശല്യം വര്‍ധിച്ചതോടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കുകയായിരുന്നു.

Latest News