Sorry, you need to enable JavaScript to visit this website.

ശ്രീനഗറിലെ 139 ഏക്കർ ഭൂമി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി, ടൂറിസം പ്രോത്സാഹിപ്പിക്കും

ശ്രീനഗർ- ടൂറിസവും മറ്റ് വികസന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീനഗറിലെ ടാറ്റൂ ഗ്രൗണ്ടിലെ 139.04 ഏക്കർ പ്രതിരോധ ഭൂമി ആഭ്യന്തര മന്ത്രാലയത്തിന് (എം.എച്ച്.എ) കൈമാറി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം പ്രതിരോധ മന്ത്രാലയം ജമ്മു കശ്മീർ സർക്കാർ മുഖേന ആഭ്യന്തര മന്ത്രാലയവുമായി ഒപ്പുവച്ചു. ശ്രീനഗറിലെ രാജ്ഭവനിൽ നടന്ന ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷത വഹിച്ചു.

പ്രാദേശിക സൈനിക അതോറിറ്റി ഓഫ് ടാറ്റൂ ഗ്രൗണ്ട് ഗാരിസൺ, ഡിഫൻസ് എസ്റ്റേറ്റ് ഓഫീസർ കശ്മീർ സർക്കിൾ ശ്രീനഗർ എന്നിവയിലൂടെയാണ് പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ചത്. 139.04 ഏക്കർ പ്രതിരോധ ഭൂമി നാല് മാസത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയം എം.എച്ച്.എയ്ക്ക് കൈമാറും.

ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിലെ സുപ്രധാന അവസരമായാണ് ലെഫ്റ്റനന്റ് ഗവർണർ സിൻഹ ധാരണാപത്രത്തെ വിശേഷിപ്പിച്ചത്.  2015-ൽ, അന്തരിച്ച മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ജമ്മു കശ്മീർ സർക്കാറാണ് ബറ്റാമാലൂവിലെ ടാറ്റൂ ഗ്രൗണ്ടിൽ പാർക്ക് സ്ഥാപിക്കുന്നതിന് സൈന്യത്തിൽ നിന്ന് 136 കനാൽ ഭൂമി ഏറ്റെടുത്തത്. ടാറ്റൂ ഗ്രൗണ്ടിലെ 1000 കനാൽ ഭൂമി വിട്ടുനൽകാൻ അന്നത്തെ മുഫ്തി സർക്കാർ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. 2015ൽ, അന്തരിച്ച മുഫ്തി സയീദിന്റെ അധ്യക്ഷതയിൽ നടന്ന സിവിൽ-സൈനിക ബന്ധ സമ്മേളനത്തിന് ശേഷം, അന്നത്തെ ജമ്മു കശ്മീർ സർക്കാരിന് 136 കനാൽ ഭൂമി വിട്ടുനൽകാൻ സൈന്യം സമ്മതിച്ചിരുന്നു.

Latest News