ന്യൂദൽഹി- മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം പ്രവർത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ അതീതമായ ശക്തികൾ പ്രവർത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നൽകിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ജയിലിലാണ്. ഇപ്പോൾ ആള് മാറിയെന്നേയുള്ളൂവെന്നും വി.ഡി സതീശൻ ദൽഹിയിൽ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കൈയ്യിലാണ്. അവരാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്നും സതീശൻ ആരോപിച്ചു്. ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കൾ അപമാനിച്ചെന്ന് സ്ത്രീകൾ പരാതി നൽകിയിട്ടും പാർട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അത് പോലീസിന് കൈമാറണം. എന്നാൽ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീർക്കുകയാണ്. സി.പി.എമ്മിൽ സ്ത്രീകൾ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സി.പി.എമ്മിന്റെ കേസുകൾ പാർട്ടി കമ്മീഷൻ തീർത്താൽ മതിയോ? ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സംഭവങ്ങൾ മറ്റൊരു രൂപത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിൽ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പോലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയിൽ കേരള പോലീസ് എത്തിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു
അതിഥി തൊഴിലാളികൾക്ക് കാർഡ് കൊടുക്കുന്നതും ആരോഗ്യ പരിശോധന നടത്തുന്നതും പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും യാഥാർത്ഥ്യമായിട്ടില്ല. എന്തെങ്കിലും ഒരു വിഷയമുണ്ടാകുമ്പോൾ ചെയ്യുന്നതല്ലാതെ പിന്നീട് ഒന്നും നടക്കില്ല. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം. യു.ജി.സി മാനദണ്ഡം അനുസരിച്ച് പി.എസ്.സി അംഗീകരിച്ച പ്രിൻസിപ്പൽ നിയമന പട്ടിക അട്ടിമറിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും സതിശൻ ചോദിച്ചു.