ജിദ്ദ- 'ഇൻഡ്യ പ്രതിപക്ഷ സഖ്യം' മതേതരത്വത്തിന്റെ പ്രതീക്ഷ എന്ന പേരിൽ കെ.എം.സി.സി ചർച്ച സംഘടിപ്പിച്ചു.
ക്രിസ്ത്യൻ ഉന്മൂലനം ലക്ഷ്യമിട്ട് ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂർ കലാപം അണയ്ക്കാൻ പ്രതിനിധികളെ അയച്ച് ആശ്വാസകിരണം തെളിയിച്ചിരിക്കുകയാണ് 'ഇൻഡ്യ പ്രതിപക്ഷ സഖ്യം'.
ഷറഫിയ സ്‌നേഹസ്പർശം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ 'ഇൻഡ്യ' (ഇൻഡ്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) മതേതരത്വത്തിന്റെ പ്രതീക്ഷ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത് ശ്രദ്ധേയമായി. പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യ പ്രഭാഷണം നടത്തി. ലോകത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന പ്രധാന ഘടകമായ മതേതരത്വം ഇല്ലാതായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'ഇൻഡ്യ' മതേതരത്വത്തിന്റെ പ്രതീക്ഷ തന്നെയാണ്. ഇതുവരെയുള്ള പ്രവർത്തങ്ങൾ അതാണ് കാണിക്കുന്നത് എന്നും ഹബീബ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ഈ വർഷം ഹജ് വളണ്ടിയർ സേവനം ചെയ്ത ഏറനാട് മണ്ഡലത്തിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകരെ ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ആദരിച്ചു. പരിപാടിയിൽ ഹജ് വളണ്ടിയർമാർക്ക് സ്‌നേഹോപഹാരം വിതരണം ചെയ്തു.
കടുത്ത ചൂടിലും അഷ്ടദിക്കിൽ നിന്ന് വന്ന ഹാജിമാർക്ക് സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെ അവർ മുക്തകണ്ഠം അഭിനന്ദിച്ചു. ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് എം.കെ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സൈതലവി പുളിയങ്കോട് ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും വളണ്ടിയർ ക്യാപ്ടനുമായ ശിഹാബ് താമരക്കുളം, ജില്ലാ ഭാരവാഹികളായ സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് ഭാരവാഹികളുമായ മൊയ്ദീൻകുട്ടി കാവനൂർ, സലാം കെ.വി കാവനൂർ, അബ്ദുറഹിമാൻ തങ്ങൾ അരീക്കോട്, അലി കീഴുപറമ്പ്, ബക്കർ കുഴിമണ്ണ, ഫിറോസ് എടവണ്ണ, ഫൈസൽ ബാബു ഒതായി, അനസ് ചാലിയാർ എന്നിവർ സംസാരിക്കുകയും വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. സുനീർ എക്കാപറമ്പ് ഖിറാഅത്തും, മൻസൂർ കെ.സി അരീക്കോട് നന്ദിയും പറഞ്ഞു.