Sorry, you need to enable JavaScript to visit this website.

ഡി.കെ ശിവകുമാറിന് എതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ; ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂദൽഹി- കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കർണാടക ഹൈക്കോടതി പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവ് മാത്രമാണെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസുമാരായ ബിആർ ഗവായ്, സി ടി രവികുമാർ, പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബഞ്ച് ഇടപെടാൻ വിസമ്മതിച്ചത്. വിഷയത്തിൽ സമർപ്പിക്കപ്പെട്ട അപ്പീലും കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വേഗത്തിൽ തീർപ്പാക്കാൻ കർണാടക ഹൈക്കോടതിയോട് നിർദേശിച്ചു. ഖനന, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് ശിവകുമാറിനെതിരെ സി ബി ഐ കേസെടുത്തത്. നേരത്തെ കർണാടകത്തിൽ അധികാരത്തിലുണ്ടായിരുന്ന ബി ജെ പി സർക്കാറിന്റെ നിർദേശത്തെ തുടർന്നായായിരുന്നു സി ബി ഐ കേസ്. ഇതിനെതിരെ ഡി കെ ശിവകുമാർ സമർപ്പിച്ച ഹരജി പരിഗണിച്ച കഴിഞ്ഞ ജൂണിലാണ് കർണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സി ബി ഐ അന്വേഷണത്തിനുള്ള ശുപാർശ   നൽകി കർണാട ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് കർണാടക ഹൈക്കോടതി സിഗിൾ ബഞ്ച് ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ശിവകുമാർ സമർപ്പിച്ച ഹരജി പരിഗണിച്ച് ഡിവിഷൻ ബഞ്ചാണ്  ഹരജി തീർപ്പാക്കുന്നതുവരെ സിബിഐ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2017-ൽ ആദായനികുതി വകുപ്പ് നടത്തിയ തിരച്ചിലിൽ  ഖനന, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയുടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സി ബി ഐയുടെ ആരോപണം.
 

Latest News