പ്രതികരണമില്ലായ്മ സമൂഹത്തെ തകർത്തു കളയുമെന്ന് എല്ലാ ഭാഗത്തും നടക്കുന്ന സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. നഗരത്തിലും നാട്ടിൻപുറത്തും ആലുവയിലെ താജുദ്ദീനെ പോലെ വഴിക്കണ്ണുള്ള മനുഷ്യർ വേണം. അവരെ പിന്തുണക്കാൻ സമൂഹവുമുണ്ടെങ്കിൽ ആലുവയിൽ നടന്നതു പോലുള്ള സംഭവങ്ങൾ കുറച്ചുകൊണ്ടുവരാനാകും.
ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ താജുദ്ദീനെ കേരള ജനതക്കാകെ ഇന്നറിയാം- കാരണം അവിടെ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി കുരുന്നിന്റെ പേരിനൊപ്പം താജുദ്ദീനും ചേർന്നു നിൽക്കുകയാണ്. ആ കുഞ്ഞു മൃതദേഹം ചുമന്നു കൊണ്ടുപോകുന്ന വരുടെ കൂട്ടത്തിലെ നീല വസ്ത്രക്കാരനെ ഓർക്കാതിരിക്കാനാകില്ല. കുഞ്ഞിനെയും കൊണ്ട് ബിഹാർകാരനായ അസ്ഫാക് ആലം മാർക്കറ്റിലൂടെ നടന്നു പോകുന്നത് സി.ഐ.ടിയു പൂൾലീഡറായ താജുദ്ദീൻ മാത്രമായിരിക്കില്ല കണ്ടിട്ടുണ്ടാവുക. അവരാരും പക്ഷേ ആളെ തടഞ്ഞു നിർത്തി കുട്ടിയേതാണെന്ന് ചോദിച്ചില്ല.. കുട്ടി എന്റേതാണെന്ന മറുപടി കിട്ടിയപ്പോൾ പിന്നെ താജുദ്ദീനൊന്നും ചെയ്യാനാവുമായിരുന്നില്ല. എങ്കിലും ആ കുട്ടിയെ ആലം എങ്ങോട്ട് കൊണ്ടുപോയി എന്ന വിവരമെങ്കിലും സമൂഹത്തിന് ലഭിക്കാൻ താജുദ്ദീന്റെ സംശയം സഹായിച്ചു. നാട്ടിലാകെ ഇനി ആവശ്യം താജുദ്ദീനെ പോലുള്ള സാധാരണ മനുഷ്യരെയാണ്. അവരുടെ കർമശേഷിയെയും കണ്ടാൽ കണ്ടത് പറയുന്ന രീതിയെയും ആളുകൾ ആദരിക്കുകയല്ലാതെ വഴിയില്ല. ഏതോ കുഞ്ഞ് എനിക്കെന്ത് എന്ന മനോഭാവമായിരുന്നു താജുദ്ദീനുമെങ്കിൽ ആ കുഞ്ഞിന്റെ മൃതദേഹം പോലും കിട്ടാത്ത അവസ്ഥയിൽ കാര്യങ്ങളെത്തുമായിരുന്നു. താജുദ്ദീൻ നൽകിയ ആദ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.സി.ടി.വി പരിശോധനയിലൂടെ മൃതദേഹമെങ്കിലും കണ്ടെത്താനായത്.
അസ്ഫാക്കിനൊപ്പമുണ്ടായിരുന്ന കുട്ടിയുടെ കൈയിൽ മിഠായി ഉണ്ടായിരുന്നു എന്ന സൂക്ഷ്മ കാര്യം പോലും താജുദ്ദീൻ ശ്രദ്ധിച്ചിരുന്നു. താജുദ്ദീൻ എന്ന സാധാരണക്കാരനുണ്ടായ സംശയം പോലും പോലീസിനുണ്ടായില്ലേ? മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും കൂത്തരങ്ങായ മാർക്കറ്റ് തെമ്മാടിക്കൂട്ടങ്ങളുടെ താവളമാണെന്ന് വിളിച്ചു പറഞ്ഞതും താജുദ്ദീൻ തന്നെ. നിയമ സംവിധാനത്തിന് ഒന്നും ചെയ്യാനില്ലേ?
ആക്ടിവിസ്റ്റായ റിനു വെയിൽകുഞ്ഞിന്റെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യവും എല്ലാവരുടെയം മനസ്സുണർത്തുന്നതായിരുന്നു. ഇങ്ങനെ കാണാതായത് ഏതെങ്കിലും ഉന്നത ശ്രേണിയിലെ കുട്ടിയായിരുന്നുവെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതിയെന്നാണ് വെയിലിന്റെ ചോദ്യം. സംവിധാനമാകെ രാവും പകലുമില്ലാതെ ഉണർന്നിരിക്കുമായിരുന്നു. ഇതിപ്പോൾ ഏതോ ഒരു കുഞ്ഞ്. അത്ര തന്നെ. ആ കുഞ്ഞിന്റെ അന്ത്യ കർമങ്ങൾ ചെയ്യാൻ കാർമികരെ കിട്ടാതായത് റിനുവെയിലിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണ്. ഹിന്ദിക്കാരുടെ മകളല്ലെ എന്ന നിലപാടിലായിരുന്നു പൂജാരിമാരെല്ലാം. ഒടുവിൽ ചാലക്കുടി സ്വദേശി രേവത് കർമം ചെയ്തു കുഞ്ഞിനെ യാത്രയാക്കി. ശരിക്കും രേവത് പൂജാരിയൊന്നുമല്ല. എന്നാലും ആ കുഞ്ഞിനായി കർമം ചെയ്ത രേവത് കേരളത്തിന്റെ മാനമാണ് കാത്തത്. കാരണം മരണാനന്തര ചടങ്ങുകൾ സാമൂഹ്യ ഉത്തരവാദിത്തമാണ്. അതു ചെയ്യാൻ കഴിയാത്ത ജനതയായി കേരളം അടയാളപ്പെടുന്ന അവസ്ഥ ഒഴിവാക്കിയെടുത്തത് രേവത് എന്ന ഇന്നലെ വരെ ആർക്കും അറിയാതിരുന്ന ഒരു ചെറുപ്പക്കാരൻ.
രേവതിന് താൻ ചെയ്ത കർമത്തിന്റെ കാര്യം ആരോടും പറയണമെന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ അടക്കൽ കർമം കഴിഞ്ഞപ്പോൾ മനസ്സ് വേദനിച്ചു പറഞ്ഞു പോയതാണ്. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സ്ഥലം എം.എൽ.എ അൻവർ സാദത്ത് രേവതിനെ കേരള ജനതക്കായി ചേർത്തു പിടിച്ചു. അൻവർ സാദത്ത് മാത്രമല്ല കേരള ജനതയാകെയാണ് രേവതിനെ ഇന്നലെ ചേർത്ത് പിടിച്ചത്.
രേവതിനെ മാത്രമല്ല ചുമട്ടു തൊഴിലാളിയായ താജുദ്ദീനെയും കേരളം ചേർത്തു പിടിക്കുന്നു.
വരുംദിവസങ്ങളിലും രേവതും താജുദ്ദീനും എഴുത്തായും പ്രസംഗമായും കേരള സമൂഹത്തിൽ നിറയും. രേവത് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. രേവതിന് അനുകൂലമായും പ്രതികൂലമായും ഉണ്ട് പ്രതികരണം. ഹിന്ദിക്കാരുടെ രീതിയിൽ കർമം ചെയ്യാൻ അറിയില്ലെന്നേ പൂജാരിമാർ ഉദ്ദേശിച്ചിട്ടുള്ളൂവെന്നാണ് വിശദീകരണം. അങ്ങനയാവട്ടെ എന്ന് തന്നെ ആഗ്രഹിക്കാം.
കുട്ടികളുടെയും ദുർബലരുടെയും കാര്യത്തിൽ കേരളം കാണിക്കുന്ന കുറ്റകരമായ അവഗണന വിഷയമാക്കി പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രൊഫ. കൽപറ്റ നാരായണൻ എഴുതിയ കുഞ്ഞു കവിതയുടെ പേരാണ് 'മരത്തലയന്മാർ' എന്നത്. വഴിയോരങ്ങളിൽ കാത്തു നിൽക്കുന്ന ചുരുങ്ങിയ ചാർജുകാരായ സ്‌കൂൾ കുരുന്നുകളെ കയറ്റാതെ ഓവർ സ്പീഡിൽ ഓടിച്ചു പോകുന്ന സ്വകാര്യ ബസുകളിൽ കിട്ടിയ സീറ്റുകളിൽ സുഖമായി ഇരുന്നു സഞ്ചരിക്കുന്ന പ്രതികരിക്കാത്ത യാത്രക്കാരെയാണ് കൽവറ്റ നാരായണൻ അന്ന് മരത്തലയന്മാരാക്കിയതെങ്കിൽ ഇക്കാലത്ത് അത്തരം ആളുകൾക്കാരാണ് സമൂഹത്തിൽ ഭൂരിപക്ഷം. ആരും ഒരനീതിക്കെതിരെയും പ്രതികരിക്കാറില്ല.
പ്രതികരണമില്ലായ്മ സമൂഹത്തെ തകർത്തു കളയുമെന്ന് എല്ലാ ഭാഗത്തും നടക്കുന്ന സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. നഗരത്തിലും നാട്ടിൻപുറത്തും ആലുവയിലെ താജുദ്ദീനെ പോലെ വഴിക്കണ്ണുള്ള മനുഷ്യർ വേണം. അവരെ പിന്തുണക്കാൻ സമൂഹവുമുണ്ടെങ്കിൽ ആലുവയിൽ നടന്നതു പോലുള്ള സംഭവങ്ങൾ കുറച്ചുകൊണ്ടുവരാനാകും. എല്ലാ സ്ഥലത്തുമുള്ള ഒറ്റപ്പെട്ട ഇടങ്ങളാണ് സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളായി മാറുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. സംശയമുള്ള അവസ്ഥ കണ്ടാൽ ചോദ്യം ചെയ്യാം. കേരളത്തിലെ പ്രധാന നഗരങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് ഇത്തരം സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങൾ സ്വയം തന്നെ കണ്ടെത്താനാകും. പരിധി വിടുന്നത് കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ സമൂഹം സമയം കണ്ടെത്തുക തന്നെ വേണം.
ഹോ, എന്തിന് വയ്യാവേലി എന്ന ചിന്തയുടെ കാലമൊക്കെ കഴിഞ്ഞു പോയി. എങ്ങോട്ടു പോകുന്നു? ഇവിടെ എന്താണ് പരിപാടി എന്ന് മോറൽ പോലീസുകാരാകാൻ ജനങ്ങൾക്കും അധികാരമുണ്ട്.






