എന്ത് തെറ്റുകൾ വരുമ്പോഴും അതിനെ വിമർശിക്കാനും നേർ വഴിയിലാക്കാനും ശ്രമിക്കേണ്ട സിവിൽ സമൂഹം കേരളത്തിൽ ദുർബലമാണ്. പലരും ഭരണകൂടത്തിന്റെ ഗുണഭോക്താക്കൾ എന്ന നിലയിൽ മൗനത്തിലാകുന്നു. ചിലർ പലതും പ്രതീക്ഷിച്ചു മൗനത്തിലേക്ക് വീണുപോകുന്നു. ഇത് ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ദുർബലതയാണ്. കീഴ്മാട് ശ്മശാനത്തിൽ നിന്നു കേൾക്കുന്ന വിലാപ ഗീതത്തിന് ശേഷം വെറുതെ പിരിഞ്ഞു പോകുകയല്ല ചെയ്യേണ്ടത്. ഇപ്പോഴെങ്കിലും നമ്മൾ ഉണർന്നു ഒരു സമൂഹം എന്ന നിലയിൽ കുഞ്ഞുങ്ങളുടെ സംരക്ഷണം എന്ന ഉത്തരവാദിത്തം നിറവേറ്റണം.
ഒരു പ്രദേശത്ത് അച്ഛനോടും അമ്മയോടും സഹോദരങ്ങളോടുമൊപ്പം താമസിച്ചിരുന്ന ഒരു കൊച്ചു പെൺകുഞ്ഞിനെ ചോക്ലേറ്റ് നൽകി കടത്തിക്കൊണ്ട് പോകുന്നത് പലരും കണ്ടു. പക്ഷേ ആരും തടഞ്ഞില്ല, അയാളെ കുഴക്കുന്ന ഒരു ചോദ്യം പോലും ഉണ്ടായതുമില്ല. അയാൾ അയാളുടെ ആഗ്രഹം നിറവേറ്റി അവളെ കൊന്ന് ശരീരം അവിടെ ചാക്കിട്ട് മൂടി മുകളിൽ ഒരു കല്ലും വെച്ച് അവിടെ ഉപേക്ഷിച്ചു പോയി. ആ കല്ല് കേരള മനസ്സാക്ഷിക്കു മുകളിലാണ് അയാൾ വെച്ചത്.
വർത്തമാനങ്ങളിൽ അവർ അതിഥിത്തൊഴിലാളികളാണ്. പക്ഷേ ജീവനോ അഭിമാനത്തിനോ ഒരുറപ്പുമില്ല എന്ന ഭീതി ആഴത്തിൽ ഉണ്ടാക്കുന്ന മുറിവാണ് ഇപ്പോൾ ഉണ്ടായത്. ഒരമ്മയുടെ നിലവിളിയിൽ ഇന്ന് കേരളം അലിഞ്ഞു പോകുകയാണ്. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നു വന്നു ജീവിതം പച്ചപിടിപ്പിക്കാൻ നോക്കുകയായിരുന്നു അവർ. കുഞ്ഞുങ്ങളെ പഠിപ്പിച്ചു വലുതാക്കാനാണ് അവർ ഒരുമിച്ച് വന്നത്. ബന്ധുക്കളും സ്വന്തം നാട്ടുകാരുമില്ലാത്ത ഒരു നാട്ടിൽ വന്നിട്ട് അവർ, ആ അമ്മ, നമുക്കറിയാത്ത ഭാഷയിൽ എണ്ണിപ്പറഞ്ഞു നിലവിളിക്കുമ്പോൾ നമ്മൾ കുറ്റബോധവും ലജ്ജയും കൊണ്ട് മരവിച്ചു പോകുകയേഉള്ളൂ. തായിക്കാട്ടുകര, തായ് മാരുടെ കണ്ണ് നീരുകൊണ്ട് നിറയുമ്പോൾ നമ്മൾ തിരിഞ്ഞു നോക്കേണ്ടതുണ്ട്.
ഇടക്ക് അന്യസംസ്ഥാനത്തു നിന്നു വന്ന കുട്ടികൾ മലയാളം പഠിക്കുന്നുവെന്നോ, മെച്ചപ്പെട്ട നിലയിൽ വല്ല പരീക്ഷയും പാസായെന്നോ അല്ലെങ്കിൽ പാട്ടോ ഡാൻസോ ചെയ്തെന്നോ ഒക്കെയുള്ള കൗതുക വാർത്തകൾക്കപ്പുറം അവരുടെ ജീവിതാവസ്ഥകളെക്കുറിച്ച് കൃത്യമായി ഒന്നും അറിയാത്ത അവസ്ഥയുണ്ട്.
എന്താണ് അതിഥി തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ? എന്തു സുരക്ഷിതത്വമാണ് അവർക്കുള്ളത്? എന്തു പിന്തുണ സംവിധാനമാണ് ലഭ്യമായിട്ടുള്ളത്.?
അവരുടെ കണക്ക് തന്നെ കൃത്യമായി ഇല്ല. അങ്ങനെ കണക്ക് സൂക്ഷിക്കുന്നതിനും പരിമിതികളുണ്ട്. കാരണം വലിയൊരു വിഭാഗം സീസണൽ ആയി മാത്രം വന്നു ചെറിയ കാലം നിന്നു പോകുന്നവരാണ്. എന്നാൽ സ്ത്രീകളും കുട്ടികളുമായി വന്നു കുറച്ചധികം കാലം നിൽക്കുന്നവരുമുണ്ട്.
എന്തായാലും ഈ കണക്ക് കൃത്യമായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇതിന്റെ പേരിൽ മറ്റു തരത്തിൽ അവകാശ ലംഘനങ്ങൾ ഇല്ലാതെ നോക്കേണ്ടതുമുണ്ട്. അവർക്ക് മിനിമം സൗകര്യങ്ങളെങ്കിലും ഉറപ്പു വരുത്താനുള്ള ചുമതല ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങൾ നിർവഹിക്കണം. അതുപോലെ അവരുടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും ഏറ്റവും പ്രാധാന്യത്തോടെ ഉറപ്പ് വരുത്തണം. കുട്ടികൾക്ക് ചെറിയ ക്ലാസുകളിൽ എങ്കിലും അവരുടെ ഭാഷയിൽ പഠിക്കാനുള്ള അവസരം ഉണ്ടാക്കണം. അത് അവരുടെ അവകാശമാണ്. അച്ഛനും അമ്മയും സ്ഥലത്തില്ലാത്തപ്പോൾ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതും ഫലപ്രദമായി സമയം ചെലവഴിക്കുന്നത്തിനുതകുന്നതിനുമായുള്ള സംവിധാനം ഉണ്ടാകണം. അതിനു മാത്രം കുട്ടികളില്ല എന്ന് ചിന്തിക്കരുത്. ഒരു കുട്ടിയാണെങ്കിലും അവകാശം സംരക്ഷിക്കപ്പെടണം. അതിൽ ഉപേക്ഷ അരുത്. സംരക്ഷണം, അവകാശ സംരക്ഷണം എല്ലാം മുഖ്യധാരക്ക് മാത്രം ഒതുങ്ങുന്ന അവസ്ഥ മാറണം. ഏറ്റവും ദുർബലരായവരെ കൂടുതലായി അഭിസംബോധന ചെയ്യണം.
ലഹരിയാണ് മറ്റൊരു പ്രശ്നം. അതിനെതിരെയുള്ള പ്രവർത്തനങ്ങൾ വളരെ യാന്ത്രികമായി നടക്കുന്നുണ്ടെങ്കിലും അത് ആവശ്യപ്പെടുന്ന ആഴത്തിലുള്ള പ്രവർത്തനം ഇല്ല. മാത്രമല്ല എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴിയായി അത് വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ നടപടികളിൽ പല സ്വാധീനങ്ങൾ വരുന്നുവെന്നത് ഒരു രഹസ്യമല്ല. ഇത് കേരളത്തെയാകെ പിടി മുറുക്കിയിട്ടുമുണ്ട്. ഇത് ഉണ്ടാക്കുന്ന ഭീകരത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല.
നമ്മുടെ പൊതുഇടങ്ങൾ കുഞ്ഞുങ്ങളും സ്ത്രീകളും പേടിച്ചു പോകേണ്ട ഇടങ്ങളാക്കി മറ്റിനിർത്തേണ്ടതല്ല. അത് സ്ത്രീസൗഹൃദ - ശിശുസൗഹൃദമാക്കി മാറ്റിയെടുക്കേണ്ടതുണ്ട്. അവിടെയെവിടെയും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചു കൊന്നിടാൻ കഴിയുന്ന ഇടമാകരുത്.
എന്ത് തെറ്റുകൾ വരുമ്പോഴും അത് വിമർശിക്കാനും അതിനെ നേർ വഴിയിലാക്കാനും ശ്രമിക്കേണ്ട സിവിൽ സമൂഹം കേരളത്തിൽ ദുർബലമാണ്. പലരും ഭരണകൂടത്തിന്റെ ഗുണഭോക്താക്കൾ എന്ന നിലയിൽ മൗനത്തിലാകുന്നു. ചിലർ പലതും പ്രതീക്ഷിച്ചു മൗനത്തിലേക്ക് വീണുപോകുന്നു. ഇത് ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ദുർബലതയാണ്. കീഴ്മാട് ശ്മശാനത്തിൽ നിന്നു കേൾക്കുന്ന വിലാപ ഗീതത്തിന് ശേഷം വെറുതെ പിരിഞ്ഞു പോകുകയല്ല ചെയ്യേണ്ടത്. ഇപ്പോഴെങ്കിലും നമ്മൾ ഉണർന്നു ഒരു സമൂഹം എന്ന നിലയിൽ കുഞ്ഞുങ്ങളുടെ സംരക്ഷണം എന്ന ഉത്തരവാദിത്തം നിറവേറ്റണം.






