കോഴിക്കോട്- കാറുകൾ വാങ്ങുവാൻ നിങ്ങൾ ഇനി ഷോറൂമിലേക്ക് പോകേണ്ട. ലെക്‌സസ് കാറുകൾ നിങ്ങളുടെ വീടിനു തൊട്ടടുത്ത് എത്തിക്കാനുള്ള ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്‌സസിനെ അതിഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയിൽ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.
ഫിസിക്കൽ, ഡിജിറ്റൽ ഘടകങ്ങളുടെ സംയോജനമായ ഈ യുഗത്തിൽ ബ്രാൻഡ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഫിജിറ്റൽ തലം വലിയൊരു പങ്കു വഹിക്കുന്നു. ഡിജിറ്റലൈസേഷന്റെയും ബ്രിക്ക് ആന്റ് മോട്ടോറിന്റെയും ലോകങ്ങൾക്കപ്പുറം അതിഥികൾക്ക് കൂടുതൽ ആഴത്തിലുള്ള അനുഭവത്തിനായി ലെക്‌സസിനെ ഫിജിറ്റൽ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപന ചെയ്തതാണ് ലെക്‌സസ് മെരാകി ഓൺ വീൽസ്.
മെരാകി എന്ന ഗ്രീക്ക് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ചലിക്കുന്ന ബ്രാൻഡ് സ്‌പേസ് കോഴിക്കോട് അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ നാലാമത്തെ മെരാകിയാണ്. മറ്റുള്ളവ ഗുരുഗ്രാം, കോയമ്പത്തൂർ, പുനെ എന്നിവിടങ്ങളിലാണ്.
ഒരു സ്ഥലത്ത് ഏകദേശം 36 മാസത്തോളം താവളമടിക്കുന്ന മെരാകി അപ്രകാരം വർഷത്തിൽ 23 പ്രധാന നഗരങ്ങളിൽ പര്യടനം നടത്തും. ഈ പുതിയ വിപണന തന്ത്രം ലെക്‌സസ് അനുഭവം ഇപ്പോൾ അതിഥികളുടെ വാതിൽപടിക്കൽ ലഭ്യമാക്കും. നിലവിൽ ലെക്‌സസിന് കേരളത്തിൽ മൂന്ന് സർവീസ് പോയന്റുകളാണുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്. പുതിയ മെരാകി ഓൺ വീൽസിലൂടെ രാജ്യത്തെ ലെക്‌സസ് ബ്രാൻഡ് സ്‌പേസ് 17 വിപണികളിലേക്കും 24 ടച്ച് പോയന്റുകളിലേക്കും വ്യാപിപ്പിക്കും.
'ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഈ മിനിയേച്ചർ ബ്രാൻഡ് സ്‌പേസിൽ' ഒരു ലക്ഷുറി സെഡാൻ ഡിസ്‌പ്ലേയും ഒരു ഗസ്റ്റ് ലോഞ്ചും ഉണ്ടായിരിക്കും. അതിഥികൾക്ക് പൂർണമായ ലെക്‌സസ് അനുഭവം പ്രാപ്യമാക്കും വിധത്തിലാണ് മെരാകി രൂപകൽപന ചെയ്തിരിക്കുന്നത്. ഈ ആഡംബര ഗസ്റ്റ് ലോഞ്ചിന്റെ അകത്ത് 65' എൽ.ഇ.ഡി ടി.വി, കൂടാതെ ബ്രാൻഡിന് യോജിച്ച ഡിസ്‌പ്ലേ, അലങ്കാരങ്ങൾ എന്നിവക്കൊപ്പം അതിഥികൾക്ക് ലെക്‌സസ് ബ്രാൻഡ് ഘടകങ്ങൾ അതിന്റെ എല്ലാ പ്രൗഢിയിലും കാണാൻ കഴിയും.
അടുത്തിടെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ജി.ഇ.സിക്കു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം കേരളത്തിലുടനീളമുള്ള അതിഥികൾക്കായി ഇത്തരമൊരു നൂതന ആശയം കൊണ്ടുവന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഉദ്ഘാടന വേളയിൽ ലെക്‌സസ് കൊച്ചി ജിഇസി ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ പറഞ്ഞു.
ദക്ഷിണ മേഖലയിൽ ലെക്‌സസ് ഇന്ത്യയുടെ ഭാവി മൊബിലിറ്റി സ്ട്രാറ്റജിയിൽ പ്രധാന കേന്ദ്രമാണ് കേരളമെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. കൊച്ചിയിൽ അടുത്തിടെ ആരംഭിച്ച ജി.ഇ.സി സെന്ററിന്റെ അവതരണത്തോടെ ഈ മേഖലയിലെ ലെക്‌സസിന്റെ സാധ്യതകൾ വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച്.എൻ.ഐ ജനസാന്ദ്രതയുടെയും സമ്പത്തിന്റെയും കാര്യത്തിൽ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് കേരളം. ജനങ്ങൾ സമ്പന്നരാകുകയും ആഡംബര വസ്തുക്കളിൽ കൂടുതൽ പണം ചെലവഴിക്കാൻ തയാറാവുകയും ചെയ്യുന്നു. വിലയേറിയ കാറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഇത്തരം ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്.