രാജ്യത്തെ മൊബൈൽ ഫോൺ-ഇന്റർനെറ്റ് സേവന ദാതാക്കളുടെ നിലനിൽപിനെ തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ജിയോ ഒരു കൊടുങ്കാറ്റ് പോലെ കടന്നു വന്നത്. രാജ്യത്തെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി) കളുടേതാണ് അടുത്ത ഊഴം. ഇന്ത്യൻ ധനകാര്യ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസും യു.എസ് ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും സംയുക്ത സംരംഭം രൂപീകരിച്ചു. 'ജിയോ ബ്ലാക്ക്‌റോക്ക്' എന്ന സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാൻഷ്യൽ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതായി ജെ.എഫ്.എസ് സി.ഇ.ഒ ഹിതേഷ് സേത്തിയ പറഞ്ഞു.
ബ്ലാക്ക് റോക്ക് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിന് ഈ സംരംഭം സഹായിക്കും. 50:50 പങ്കാളിത്തത്തിലാണ് പുതിയ സംരംഭം പ്രവർത്തിക്കുക. റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപെടുത്തിയത് ഒരാഴ്ചയ്ക്ക് മുൻപാണ്. ജിയോ ഫിനാൻഷ്യലിൽ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനമാണ് ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭം. റെഗുലേറ്ററി, സ്റ്റാറ്റിയൂട്ടറി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവർത്തനം ആരംഭിക്കും. കമ്പനിക്ക് സ്വന്തമായി മാനേജ്‌മെന്റ് ടീം ഉണ്ടായിരിക്കും.