Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുരുമുളകിന് തീവില, ഇനിയും ഉയരാൻ സാധ്യത

കുരുമുളകിന്റെ വിലക്കയറ്റം വാങ്ങലുകാരുടെ ഉറക്കം കെടുത്തി. പിന്നിട്ട വാരം ഉൽപന്ന വില ക്വിന്റലിന് 5000 രൂപ വർധിച്ചു. ഇതിനിടയിൽ   കർഷകരുടെ ആത്മവിശ്വാസം തകർക്കാൻ ഇറക്കുമതി വാർത്തകൾ പ്രചരിപ്പിക്കാൻ അവർ രംഗത്ത് ഇറങ്ങി. മുന്നിലുള്ളത് ബംബർ ഉത്സവ ഡിമാന്റ്, കരുതലോടെ നീക്കം നടത്തിയാൽ കുരുമുളക് കൂടുതൽ തിളങ്ങും. ഉത്തരേന്ത്യൻ ഉത്സവ സീസണായ ഓഗസ്റ്റ,് ഒക്ടോബറിൽ വില ഇനിയും കുതിക്കും. വിലക്കയറ്റം പിടിച്ചു നിർത്തി ചരക്ക് സംഭരിക്കാൻ ജൂണിൽ വാങ്ങലുകാർ ഒറ്റക്കെട്ടായി നടത്തിയ നീക്കം വിജയിച്ചില്ല. ഇടുക്കിയിൽ വയനാട്, പത്തനംതിട്ട മേഖലകളിലെ കർഷകർ ഉൽപന്നം ഇറക്കുന്നതിൽ കാണിച്ച നിയന്ത്രണം വാങ്ങലുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ജൂലൈയിൽ വില ഉയർത്തി. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 56,700 രൂപയിലും ഗാർബിൾഡ് 58,700 രൂപയിലുമാണ്. മുഹറം മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ഇനിയും ഒത്തിരി ആഘോഷ ദിനങ്ങളും വിവാഹ സീസണും മുന്നിലുണ്ട്.  അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില  ടണ്ണിന് 7300 ഡോളർ. വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ഇന്ത്യയിലെ വിലക്കയറ്റവും കണ്ട് ശ്രീലങ്കൻ കുരുമുളക് വില 5000 ഡോളറിൽ നിന്നും 6000 ലേയ്ക്ക് ഉയർത്തി. ഇന്തോനേഷ്യൻ നാണയമായ റുപ്പയുടെ മൂല്യത്തിലെ വ്യതിയാനം അവരുടെ കുരുമുളകിൽ പ്രതിഫലിച്ചു. 
ഹൈറേഞ്ചിൽ ഏലക്ക മൂത്ത് വിളയുന്നതിനിടയിൽ സ്‌റ്റോക്ക് വിറ്റുമാറുകയാണ് മധ്യവർത്തികൾ. വാരാവസാനം 73,000 കിലോ ചരക്ക് വരെ ലേലത്തിന് ഇറങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക വാങ്ങി. വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2317 രൂപയിലും ശരാശരി ഇനങ്ങൾ 1525 രൂപയിലുമാണ്.  
വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. ഉൽപാദന മേഖലകളിൽ നിന്നുള്ള ചരക്ക് നീക്കം കുറഞ്ഞു. തൊട്ട് മുൻവാരം 7500 രൂപയാണ് ചുക്ക് വില ഉയർന്നത്. മീഡിയം ചുക്ക് വില 30,000 രൂപയിലും ബെസ്റ്റ് ചുക്ക് 31,500 രൂപയിലുമാണ്. 
ഏഷ്യൻ റബർ അവധി വ്യാപാര ചലനങ്ങളെ ഉറ്റുനാക്കുകയാണ് മുഖ്യ ഉൽപാദക രാജ്യങ്ങൾ. റബറിൽ മന്നേറ്റം പ്രതീക്ഷിച്ചതിനിടയിൽ അപ്രതീക്ഷിത വിൽപന സമ്മർദത്തിൽ നിരക്ക്  ഇടിഞ്ഞത് നിക്ഷേപകരെ ഞെട്ടിച്ചു. ചൈനീസ് വ്യാസായിക മേഖലയിലെ തളർച്ചയാണ് വിപണിയുടെ ദിശ തിരിച്ചത്. 
മഴ മൂലം വാരത്തിന്റെ ആദ്യ പകുതിയിൽ സംസ്ഥാനത്ത് ടാപ്പിങ് തടസപ്പെട്ടെങ്കിലും പിന്നീട് കാലാവസ്ഥ തെളിഞ്ഞതോടെ വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. നാലാം ഗ്രേഡ് റബർ 15,300 ൽ നിന്നും 15,500 രൂപ വരെ ഉയർന്ന ശേഷം 15,200 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 14,500-15,000 രൂപയിലാണ്.  
ചിങ്ങം അടുത്തതോടെ നാളികേരോൽപന്നങ്ങളുടെ വില ഉയർന്നു. എണ്ണ, കൊപ്ര വിലകളിൽ നേരിയ മുന്നേറ്റം. കൊപ്ര വാങ്ങാൻ മില്ലുകാർ ഉത്സാഹിച്ചതോടെ വില 8200 രൂപയായും വെളിച്ചെണ്ണ 12,600 രൂപയായും കയറി.  സ്വർണ വില പവൻ 44,120 രൂപയിൽ നിന്നും 44,000 ലേയ്ക്ക് താഴ്ന്ന ശേഷം ശനിയാഴ്ച 44,280 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1959 ഡോളർ. 

Latest News