വിദേശ ഫണ്ടുകൾ ലാഭമെടുപ്പ് ശക്തമാക്കിയത് ഇന്ത്യൻ വിപണിയിലെ ബുൾ റാലിയെ പിടിച്ചുകെട്ടി. ഓവർ ബ്രോട്ടായ മാർക്കറ്റിൽ തിരുത്തൽ സാധ്യത തെളിഞ്ഞ വിവരം നേരത്തെ തന്നെ ഇതേ കോളത്തിൽ സൂചിപ്പിച്ചിരുന്നതിനാൽ തളർച്ച സംഭവിക്കും മുന്നേ പ്രാദേശിക ഇടപാടുകാർ നിക്ഷേപങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വിദേശ ഓപറേറ്റർമാരുടെ ലാഭമെടുപ്പ് കഴിയുന്നതോടെ അവർ വീണ്ടും നിക്ഷേപകരാവുമെന്ന സൂചനയാണ് ലോങ് ടേം ചാർട്ടിന്റെ ട്രന്റ് ലൈനുകൾ നൽകുന്നത്. പോയവാരം സെൻസെക്‌സ് 524 പോയന്റും നിഫ്റ്റി 99 പോയന്റും കുറഞ്ഞു.
നിഫ്റ്റി സൂചിക പിന്നിട്ട വാരത്തിലെ 19,745 ൽ നിന്നും പുതിയ റെക്കോർഡ് ലക്ഷ്യമാക്കി തുടക്കത്തിൽ സഞ്ചരിച്ചെങ്കിലും ഹെവിവെയിറ്റ് ഓഹരികൾ വിറ്റുമാറാൻ വിദേശ നിക്ഷേപകർ കാണിച്ച തിടുക്കം മൂലം സൂചികക്ക് 19,867 വരെയേ ഉയരാനായുള്ളൂ. തുടക്കത്തിലെ ലാഭമെടുപ്പ് പിന്നീട് വിൽപന സമ്മർദമായി രൂപാന്തരപ്പെട്ടതോടെ വിപണി അക്ഷരാർത്ഥത്തിൽ ആടി ഉലഞ്ഞങ്കിലും മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 19,542 ലെ സപ്പോർട്ട് തകർച്ചയിൽ നിലനിർത്തി. മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 19,646 ലേയ്ക്ക് മെച്ചപ്പെട്ടു. ഈ വാരം തുടക്കത്തിൽ 19,517 ലെ ആദ്യ താങ്ങ് കണ്ടത്താൻ ശ്രമം നടത്താം. വിൽപന സമ്മർദം ശക്തമാക്കിയാൽ 19,388 വരെ സാങ്കേതികമായി സൂചിക തളരാം. നിഫ്റ്റി ഫ്യൂച്ചർ ആന്റ് ഓപ്ഷനുകളുടെ ചലനങ്ങൾ മന്ദഗതിയിലായതിനാൽ തിരുത്തൽ സാധ്യതകൾ നിലനിൽക്കാം.
സെൻസെക്‌സ് 66,684 ൽ നിന്നും 66,984 വരെ കയറിയതിനിടയിലാണ് വിൽപന സമ്മർദം അനുഭവപ്പെട്ടത്. വാരാന്ത്യം സെൻസെക്‌സ് 65,878 വരെ ഇടിഞ്ഞങ്കിലും ക്ലോസിങിൽ 66,160 ലാണ്. ഈ വാരം 65,697 ലെ താങ്ങ് നിലനിർത്തി 66,803 നെ ലക്ഷ്യമാക്കി നീങ്ങാം. ആ നീക്കം വിജയിച്ചില്ലെങ്കിൽ സെൻസെക്‌സ് സപ്പോർട്ടായ 65,234 ലേയ്ക്ക് തളരാം. വിദേശ ഓപറേറ്റർമാർ ജൂലൈയിൽ 19,282 കോടി രൂപ നിക്ഷേപിച്ചു. പിന്നിട്ട വാരം 2012 കോടിയുടെ വാങ്ങലും 5086 കോടി രൂപയുടെ വിൽപനയും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5233 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയുടെ മൂല്യം 81.95 ൽ നിന്നും 81.63 വരെ മികവ് കാണിച്ചു. എന്നാൽ വാരാവസാനം കനത്ത തിരിച്ചടി നേരിട്ട രൂപ 82.34 ലേയ്ക്ക് ദുർബലമായി രണ്ട് മാസത്തിനിടയിലെ ഉയർന്ന ക്ലോസിങായ 82.25 ലാണ്.
ഐ.ടി മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയത് വിപണിയുടെ മുഖഛായ തന്നെ മാറ്റി. ഒരു മാസത്തിനിടയിൽ ഏകദേശം 2768 പോയന്റ് മുന്നേറിയതിനിടയിലാണ് വിൽപന സമ്മർദം വിപണിയിൽ അലയടിച്ചത്. ഇൻഫോസീസ്, ഐ.ടി. സി ഓഹരികൾക്ക് നേരിട്ട തളർച്ച മറ്റ#ു വിഭാഗങ്ങളിലേക്കും വ്യാപിച്ചു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വൻ കുതിപ്പിനുള്ള ഒരുക്കത്തിലാണ്. എണ്ണ വില വാരാന്ത്യം ബാരലിന് 80.63 ഡോളറിലാണ്. അടുത്ത രണ്ടാഴ്ചകളിൽ 85 ലെ പ്രതിരോധം തകർത്താൽ എണ്ണ വില 100 ഡോളർ മറികടക്കാനുള്ള സാധ്യതകൾക്ക് ശക്തിയേറും. അത്തരം ഒരു റാലി വർഷാന്ത്യം എണ്ണ വിപണിയുടെ ദൃഷ്ടി 120 ഡോളറിലേക്ക് തിരിയും.
യു.എസ് ഫെഡ് റിസർവ് പലിശ നിരക്കിൽ വരുത്തിയ ഭേദഗതി രാജ്യാന്തര സ്വർണ വിലയിൽ പ്രതിഫലിച്ചു. വാരാന്ത്യം സ്വർണം 1959 ഡോളറിലാണ്. വിപണി വീണ്ടും 2000 ഡോളറിന് മുകളിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. യൂറോ, ഡോളർ വിനിമയത്തിലെ ചാഞ്ചാട്ടം അതിന് അവസരം ഒരുക്കാൻ ഇടയുണ്ട്.