മതവിദ്വേഷം വളർത്തൽ; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുംവരെ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി - യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിന്റെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 
 ജനുവരി നാലിന് യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടി മതവിദ്വേഷം വളർത്തുന്നതാണെന്നാണ് കേസ്. നിലമ്പൂർ പോലീസാണ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച ഷാജനെ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരേ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിക്കുകയായിരുന്നു കോടതി.
അതിനിടെ, സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തുവെന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ സ്‌കറിയ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ അറിയിച്ചു. 
 ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പോലീസ് പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടിട്ടിയിരുന്നു. ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി വിശാഖന്റെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിയും ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ഒരാളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. മാധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷാജൻ സ്‌കറിയയെ പിടിക്കാൻ കഴിയാത്തത് പോലീസ് വീഴ്ചയാണെന്നും അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി ഓർമിപ്പിച്ചിരുന്നു.
 അതേസമയം, പോലീസ് സേനയുടെ വയർലെസ് ചോർത്തിയെന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പരാതിയിൽ ഷാജൻ സ്‌കറിയക്ക് എതിരെ കഴിഞ്ഞ ദിവസം വീണ്ടും പോലീസ് കേസെടുത്തിട്ടുണ്ട്.
 

Latest News