Sorry, you need to enable JavaScript to visit this website.

കേരളത്തിലെ അയ്യപ്പക്ഷേത്രമടക്കം ബുദ്ധവിഹാരമായിരുന്നു; ചരിത്രപരമായ തെളിവുണ്ടെന്ന് സ്വാമി പ്രസാദ് മൗര്യ

ലഖ്‌നൗ-  ബിജെപി എല്ലാ പള്ളികളിലും ക്ഷേത്രം നോക്കി നടക്കുകയാണെങ്കിൽ ആളുകൾ എല്ലാ ക്ഷേത്രങ്ങളിലും ബുദ്ധവിഹാരം തിരയാൻ തുടങ്ങുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. വാരണാസിയിലെയും മഥുരയിലെയും തർക്കങ്ങളെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

 ഗൂഢാലോചനയുടെ ഭാഗമായാണ് ബി.ജെ.പിക്കാർ പള്ളി-ക്ഷേത്ര വിഷയം ഉന്നയിക്കുന്നത്. എല്ലാ പള്ളികളിലും അവർ ക്ഷേത്രം അന്വേഷിക്കുന്നു. ഇത് അവർക്ക് വലിയ ബാധ്യതയാകും.  കാരണം, അവർ എല്ലാ പള്ളികളിലും ക്ഷേത്രം കണ്ടെത്താൻ നോക്കുകയാണെങ്കിൽ, ആളുകൾ എല്ലാ ക്ഷേത്രങ്ങളിലും ബുദ്ധ വിഹാരത്തിനായി തിരയാൻ തുടങ്ങും- പ്രസാദ് മൗര്യ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ ക്ഷേത്രങ്ങളെല്ലാം ബുദ്ധവിഹാരങ്ങളായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ടെന്ന് എസ്പി ദേശീയ ജനറൽ സെക്രട്ടറിയായ മൗര്യ അവകാശപ്പെട്ടു. ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ, പുരിയിലെ ജഗന്നാഥ ക്ഷേത്രം, കേരളത്തിലെ അയ്യപ്പക്ഷേത്രം, പണ്ഡർപൂരിലെ (മഹാരാഷ്ട്ര) വിഠോബ ക്ഷേത്രം എന്നിവ ബുദ്ധവിഹാരങ്ങളായിരുന്നു. . ഈ ബുദ്ധവിഹാരങ്ങൾ തകർക്കപ്പെടുകയും പിന്നീട് അവിടെ ഹിന്ദുമത ആരാധനാലയങ്ങൾ ഉയർന്നു വരികയും ചെയ്തു. എട്ടാം നൂറ്റാണ്ട് വരെ അവ ബുദ്ധവിഹാരങ്ങളായിരുന്നു- അദ്ദേഹം പറഞ്ഞു.

ഈ ക്ഷേത്രങ്ങളെ ബുദ്ധവിഹാരങ്ങളാക്കി മാറ്റുകയല്ല തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നിങ്ങൾ എല്ലാ പള്ളികളിലും ഒരു ക്ഷേത്രം തിരയുകയാണ്. എല്ലാ ക്ഷേത്രങ്ങളിലും ഒരു ബുദ്ധ വിഹാരം അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 

സനാതൻ ധർമ്മത്തെ വീണ്ടും വീണ്ടും അപമാനിക്കുന്നത് സമാജ്‌വാദി പാർട്ടിയുടെയും അതിന്റെ നേതാക്കളുടെയും ശീലമായി മാറിയെന്ന് പ്രസ്താവനയോട് പ്രതികരിച്ച ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി പറഞ്ഞു.

ഹിന്ദുക്കളുടെ പ്രധാന വിശ്വാസ കേന്ദ്രങ്ങളായ ബാബ കേദാർനാഥ്, ബാബ ബദരീനാഥ്, ശ്രീ ജഗന്നാഥ പുരി എന്നിവയെക്കുറിച്ചുള്ള മൗര്യയുടെ പരാമർശങ്ങൾ വിവാദപരം മാത്രമല്ല, അദ്ദേഹത്തിന്റെ നിസ്സാരമായ ചിന്താഗതിയും നിസ്സാര രാഷ്ട്രീയവുമാണ്- അദ്ദേഹം പറഞ്ഞു.

പ്രസ്താവന രാജ്യത്തെയും ഉത്തർപ്രദേശിലെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്തു. പ്രസ്താവനയിൽ മൗര്യ ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയണമെന്നും സമാജ്‌വാദി പാർട്ടി ഇതിനോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചൗധരി ട്വീറ്റ് ചെയ്തു.

 

Latest News