കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഹജിന് പോകുന്ന തീർഥാടകരുടെ വിമാന ഷെഡ്യൂൾ ഉൾപ്പെട്ട മാനിഫെസ്റ്റോ അടുത്തയാഴ്ച പുറത്തിറക്കും. സൗദി എയർലെൻസ് വിമാന കമ്പനിയാണ് ഓരോ തീർഥാടകന്റെയും യാത്രാ തിയതിയും വിമാന സമയവും വ്യക്തമാക്കുന്ന മാനിഫെസ്റ്റോ തയാറാക്കുന്നത്.
തീർഥാടകരുടെ പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയായി വരികയാണ്. ഇവ ക്ലിയർ ചെയ്‌തെടുക്കാൻ രണ്ടു ഹജ് വളന്റിയർമാരും ഹജ് കമ്മറ്റി ഓഫീസ് ജീവനക്കാരനുമടക്കം നാളെ മുംബൈയിലേക്ക് പോകും. ഇവർ എണ്ണി ക്ലിപ്തപ്പെടുത്തിയ പാസ്‌പോർട്ടുകൾ കൊറിയർവഴി അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തും. കേരളം, ലക്ഷദ്വീപ് മാഹി ഉൾപ്പടെ 11,844 പേരുടെ പാസ്‌പോർട്ടുകളാണ് വിസ സ്റ്റാമ്പിംഗ് പൂർത്തീകരിച്ചത്. നെടുമ്പാശ്ശേരിയിലെ സിയാൽ അക്കാദമിയിൽ ഒരുക്കുന്ന ഹജ് ക്യാമ്പിൽ ഹജ് സെല്ലിന്റെ പ്രവൃത്തികൾ 27 മുതൽ ആരംഭിക്കും. ഹജ് തീർഥാടകരുടെ പാസ്‌പോർട്ടുകൾ യാത്രാ ദിവസത്തിന് അനുസരിച്ച് പരിശോധിക്കുന്നത് ഹജ് സെൽ ഉദ്യോഗസ്ഥരാണ്. വിവിധ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവരാണ് ഹജ് സെല്ലിലുണ്ടാവുക. ഹജ് സെൽ ആരംഭിക്കുന്നതിന് മുമ്പായി കരിപ്പൂർ ഹജ് ഹൗസിന്റെ പ്രവർത്തനങ്ങളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റും.
ഈ വർഷം മുതൽ തീർഥാടകർ പുറപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പ് തന്നെ പാസ്‌പോർട്ടുകളിൽ എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കും. മുംബൈയിൽനിന്ന് പാസ്‌പോർട്ട് എത്തിയാൽ ഹജ് സെൽ മുഖേന വിമാനത്താവള എമിഗ്രേഷൻ കൗണ്ടറുകളിലെത്തിച്ച് നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ വർഷം പോലീസ് വെരിഫിക്കേഷൻ പൂർത്തിയാകാത്ത പാസ്‌പോർട്ട് ലഭിച്ചത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. വിദേശത്തേക്ക് പോകാൻ വിലക്കുളളവരുടെ പാസ്‌പോർട്ടുകൾ അവസാന നിമിഷം തടയുന്നത് തീർഥാടകർക്കും യാത്ര പ്രതിസന്ധിയുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഹജ് കമ്മിറ്റി നെടുമ്പാശ്ശേരി എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി രണ്ടുദിവസം മുമ്പ് തന്നെ എമിഗ്രേഷൻ നടത്താൻ ഒരുങ്ങുന്നത്.