ചെയ്യാത്ത പീഡനക്കേസില്‍  ജയിലില്‍ കിടന്നത് 17 വര്‍ഷം 

ലണ്ടന്‍-ചെയ്യാത്ത പീഡനക്കേസില്‍ ബ്രിട്ടീഷുകാരനായ ആന്‍ഡ്രൂ മാല്‍കിന്‍സണ്‍ ജയിലില്‍ കിടന്നത് 17 വര്‍ഷം. ചെയ്യാത്ത ബലാത്സംഗത്തിന് ശിക്ഷ വിധിക്കപ്പെട്ട് നീണ്ട 17 വര്‍ഷമാണ് ആന്‍ഡ്രൂ മാല്‍കിന്‍സണ്‍ ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ അപ്പീലധികാരിയാണ് ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആന്‍ഡ്രൂവിനെ വെറുതെ വിട്ടിരിക്കുന്നത്. അതേസമയം സംഭവം നടന്ന സമയത്ത് സംശയിക്കപ്പെട്ടിരുന്ന മറ്റൊരാളാണ് കുറ്റകൃത്യം ചെയ്തത് എന്നാണ് ഇപ്പോള്‍ കരുതുന്നത്.2004 -ലാണ് സാല്‍ഫോര്‍ഡില്‍ വച്ച് ഒരു സ്ത്രീയോട് അതിക്രമം കാട്ടി എന്ന് ആരോപിച്ച് കൊണ്ട് ആന്‍ഡ്രൂവിനെ ജയിലില്‍ അടയ്ക്കുന്നത്. എന്നാല്‍, അന്നു മുതല്‍ താന്‍ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ് എന്ന് അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍, ഈ ജനുവരിയില്‍ ചില പുതിയ തെളിവുകള്‍ കിട്ടി. ഇത് കുറ്റം ചെയ്തത് ആന്‍ഡ്രൂവല്ല എന്ന് വിശ്വസിക്കാന്‍ പാകത്തിനുള്ളതായിരുന്നു. മാത്രമല്ല, അതേ സമയത്ത് സംശയിക്കപ്പെട്ടിരുന്ന മറ്റൊരാളാവാം പ്രതി എന്നതിലേക്കും തെളിവുകള്‍ വിരല്‍ ചൂണ്ടുന്നു.
ഒടുവില്‍ 17 വര്‍ഷം, ഏറെക്കുറെ തന്റെ ജീവിതത്തിലെ നല്ല പ്രായമെല്ലാം ജയിലില്‍ കിടന്ന ശേഷം നിരപരാധിയായി ആന്‍ഡ്രൂ പുറത്തിറങ്ങി. എങ്ങനെ അനുഭവപ്പെടുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എന്റെ നീണ്ട 17 വര്‍ഷം രാജ്യം കവര്‍ന്നെടുത്തു' എന്നായിരുന്നു അയാളുടെ മറുപടി. 'ഞാന്‍ നിരപരാധിയായിരുന്നു, എല്ലായ്പ്പോഴും നിരപരാധി തന്നെ ആയിരുന്നു. ഏകദേശം 20 വര്‍ഷമെടുത്തു ഇവര്‍ക്കത് മനസിലാകാന്‍' എന്നും ആന്‍ഡ്രൂ പ്രതികരിച്ചു.

Latest News