ജിദ്ദ- അധികാരം ജനക്ഷേമത്തിന് സമർപ്പിച്ച് ജനഹൃദയങ്ങളിൽ കുടിയേറിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ-ജിദ്ദ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കടന്നുപോയത്.
ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിലുള്ള ഇടപെടലുകൾ വഴി പ്രത്യക്ഷവും പരോക്ഷവുമായി ലഭ്യമായ ഗുണഫലങ്ങൾ വളരെ വലുതായിരുന്നു.
കോട്ടയവും വിശേഷിച്ച് പുതുപ്പള്ളിയും അദ്ദേഹത്തിന് സ്വന്തം തറവാട് തന്നെയായിരുന്നു. നീണ്ട 53 വർഷക്കാലം ഒരേ മണ്ഡലത്തെ തന്നെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന് എല്ലാ ജനകീയ പ്രശ്നങ്ങളിലും ഓടിയെത്താൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഉമ്മൻ ചാണ്ടി സവിശേഷ ശ്രദ്ധ വെച്ചിരുന്നു. നിയമക്കുരുക്കുകളിലകപ്പെട്ട നിരവധി മലയാളികളുടെ മോചനം സാധ്യമാക്കുന്നതിനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ കാരണമായി. ഉമ്മൻചാണ്ടിയുടെ സ്നേഹവും കരുതലും നിറഞ്ഞ ജീവിതം ഏതൊരു ഭരണാധികാരികൾക്കും മാതൃകയാണെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോഷൻ നായർ (തിരുവനന്തപുരം സ്വദേശി സംഗമം), നാസിമുദ്ദീൻ (തിരുവനന്തപുരം പ്രവാസി അസോസിയേഷൻ), അയ്യൂബ് ഖാൻ പന്തളം (പത്തനംതിട്ട പ്രവാസി അസോസിയേഷൻ), മിർസ ഷരീഫ് (ആലപ്പുഴ കൂട്ടായ്മ), കെ.ടി.എ മുനീർ, സക്കീർ ഹുസൈൻ (ഒ.ഐ.സി.സി ജിദ്ദ), റാഫി ബീമാപള്ളി (എച്ച്.ആന്റ് ഇ ലൈവ് ചാനൽ), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), അലി തേക്കുതോട് (ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ), ഉണ്ണി തെക്കേടത്ത് (തൃശൂർ സൗഹൃദവേദി), ജാഫറലി പാലക്കോട് (മാതൃഭൂമി), സൽമാൻ (കെ.എസ്.യു), നാസർ കോഴിത്തൊടി (പുണർതം കോഴിക്കോട്) എന്നിവർ സംസാരിച്ചു. കെ.ഡി.പി.എ പ്രസിഡന്റ് അനിൽ നായർ സ്വാഗതവും മുഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു.