ഡ്രോണ്‍ ആക്രമണം; വ്‌നുക്കോവോ വിമാനത്താവളം താത്ക്കാലികമായി അടച്ചു

മോസ്‌കോ: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വ്‌നുക്കോവോ വിമാനത്താവളം താത്ക്കാലികമായി അടച്ചു. വിമാനങ്ങള്‍ വഴി തിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒഡിറ്റ്‌സോവോ ജില്ലയ്ക്ക് മുകളില്‍ വന്ന ഡ്രോണ്‍ വെടിവെച്ചിട്ടതായും രണ്ട് ഡ്രോണുകള്‍ നിര്‍വീര്യമാക്കിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഡ്രോണുകള്‍ വന്നു പതിച്ച് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായാണ് റഷ്യന്‍ വാര്‍്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഓഫിസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സിറ്റി മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. കെട്ടിടത്തിന്റെ നിരവധി ജനവാതിലുകള്‍ തകര്‍ന്നതും അവശിഷ്ടങ്ങല്‍ നിലത്ത് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 

പെട്ടെന്ന് ഒരു സ്‌ഫോടനശബ്ദം ഉണ്ടാകുകയായിരുന്നെന്നും പിന്നീട് പുക ഉയരുന്നത് മാത്രമേ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളുവെന്നും ദൃക്‌സാക്ഷി പറഞ്ഞതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ യുക്രെയ്‌നെയാണ് റഷ്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുക്രെയ്ന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. 

യുക്രെയ്‌നിലെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ കെട്ടിടം തകരുകയും ചെയ്തു.

Latest News