Sorry, you need to enable JavaScript to visit this website.

പ്രതിഷേധം കനത്തു, കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ ആരോഗ്യമന്ത്രിയെത്തി

കൊച്ചി- വിവിധ കോണുകളിൽനിന്ന് പ്രതിഷേധം കനത്തു. ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാരോ സർക്കാർ പ്രതിനിധികളെ പങ്കെടുക്കാത്തതിൽ നിരവധി പേർ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് എറണാകുളം ജില്ലാ കലക്ടർക്കൊപ്പം മന്ത്രി വീണ ജോർജ് കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. ആലുവയിലേത് പൈശാചികമായ കൊലപാതകമാണെന്നും കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം എന്ന് മാത്രം കുടുംബം ആവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്‌സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധി ഉടൻ അനുവദിക്കും. ബാക്കി കാര്യങ്ങൾ പിന്നീട് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന ആക്ഷേപത്തോട് പ്രതികരിച്ച മന്ത്രി അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇതെന്നും വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം.
 

Latest News