ന്യൂദല്‍ഹി- രാജ്യത്തെ വിവിധ ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി 4,43,92,136 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഏകദേശം ഒരു ലക്ഷം കേസുകള്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയില്‍ വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് നിയമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടികിടക്കുന്നത് ഉത്തര്‍പ്രദേശലാണ്. ഒരു കോടതി പതിനാറ് ലക്ഷത്തിലധികം കേസുകളാണ് ഉത്തര്‍പ്രദേശില്‍ കെട്ടികിടക്കുന്നത്. മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍. കീഴ്‌ക്കോടതികളില്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരുടെ ഒഴിവുള്ള പട്ടികയിലും മുന്നില്‍ ഉത്തര്‍പ്രദേശാണ്. യു.പിയിലെ ജില്ലാ, കീഴ്‌ക്കോടതികളിലായി ഏകദേശം 1200 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നുണ്ട്. രാജ്യത്തെ ഹൈക്കോടതികളില്‍ കെട്ടികിടക്കുന്നത് അറുപത് ലക്ഷത്തിലധികം കേസുകളാണ്. അലഹാബാദ് ഹൈക്കോടതിയില്‍ മാത്രം പത്ത് ലക്ഷത്തോളം കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. ബോംബെ, രാജസ്ഥാന്‍, മദ്രാസ് ഹൈക്കോടതികളാണ് യഥാക്രമം തൊട്ടുപിറകില്‍. ഒഴിവുകള്‍ നികത്തപ്പെടാനുള്ള പട്ടികയിലും അലഹാബാദ് ഹൈക്കോടതിയാണ് മുന്നില്‍.






