കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ താമസിക്കുന്നത് അസീർ പർവത മേഖലയിലാണ്. സമുദ്ര നിരപ്പിൽ നിന്നും 4500 അടി മുതൽ 9800 അടി വരെ ഉയരത്തിൽ ഉള്ള ഭൂപ്രദേശങ്ങൾ ആണ് സൗദി അറേബ്യയിലെ അസീർ പ്രവിശ്യ. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകൾ ഉണ്ട് അസീറിന്.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയായ അൽസുദ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പകൽ സമയം ചൂടുള്ള വെയിലും രാത്രി കൊടും തണുപ്പുമാണ് സ്ഥിരം കാലാവസ്ഥ. ഒരു രാപ്പകലിനിടയിൽ ഇങ്ങനെ രണ്ടു വ്യത്യസ്ത കാലാവസ്ഥ അനുഭവിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വം പ്രദേശമാണ് അസീർ.
ഒരറ്റത്ത് വിശാലമായ മരുഭൂമിയും മറുവശത്ത് മുന്തിരി ത്തോട്ടങ്ങളും അനാർ തോട്ടങ്ങളും മറ്റു പച്ചക്കറികളും ഇവിടെ ധാരാളം കൃഷി ചെയ്യുന്നു.
ഇവിടെ മഞ്ഞു പെയ്യുന്ന മലകളും ശുദ്ധജല തടാകങ്ങളും കൊടും പാറക്കെട്ടുകളുമുണ്ട്, മഴയും മലവെള്ളപ്പാച്ചിലുകളും ഉണ്ടാകാറുണ്ട്. അവയോട് മല്ലിട്ടു ജീവിക്കുന്ന നല്ലവരായ അറബികളുണ്ട്.
മറ്റൊരു പ്രത്യേകത ഇവിടുത്തെ അന്തരീക്ഷമാണ്. ഒരുപാട് ഉയരത്തിൽ ആയതിനാൽ അന്തരീക്ഷ ഓക്‌സിജൻ കുറവാണ്. അതുകൊണ്ട്, ഇവിടെ വന്ന ആദ്യ ദിവസങ്ങളിൽ എനിക്കും ചില ബുദ്ധിമുട്ടുകൾ തോന്നിയിരുന്നു. പിന്നീട് എല്ലാവരെയും പോലെ ഞാനും ഇവിടെ പൊരുത്തപ്പെട്ടു.
സൗദിയുടെ യെമൻ അതിർത്തിയോടടുത്താണ് അസീർ. അതുകൊണ്ട് തന്നെ യെമനി സംസ്‌കാരത്തിന്റെ സ്വാധീനം ഇവിടെ നന്നായി കാണാം.

ജബൽ ഹബലയിലേക്ക് ആണ് യാത്ര. നഗരങ്ങളിൽ നിന്നും മാറി മലകളിലൂടെ സഞ്ചരിക്കുമ്പോൾ ഉണങ്ങിയ മലഞ്ചെരിവിൽ മേയുന്ന ആട്ടിൻ പറ്റങ്ങളെ കണ്ടു. ദൂരെ ഒരു കൂട്ടം പുഴുക്കൾ എന്ന് തോന്നിപ്പിക്കുന്ന അവക്ക് ഇടയിലൂടെ ചലിക്കുന്ന മണ്ണിന്റെ നിറമുള്ള നീളൻ തോപ്പ് ധരിച്ച ഒരു മനുഷ്യനെ കൂടി കണ്ടപ്പോൾ ഒരു ആടുജീവിതം നേരിൽ കണ്ടു.
വ്യൂ പോയന്റിൽ നിന്നും താഴേക്കു നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് കുത്തനെയുള്ള മലമുകളിലേക്ക് കയറു കൊണ്ട് ഉണ്ടാക്കിയ കോണിയിലൂടെ വലിഞ്ഞു കയറുന്ന ഗോത്ര വർഗ അറബികളുടെ ചിത്രമായിരുന്നു.
ആടു മേയ്ക്കലും കൃഷിയും കച്ചവടവുമായി അവർ ഇവിടെ ഒരു ഗോത്രമായി മാറി. ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ടു ജീവിച്ച അവർ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത് കയറുകൊണ്ട് ഉണ്ടാക്കിയ ഒരു കോണി വഴി ഈ മല കയറി ആയിരുന്നു.
അതുകൊണ്ട് ഈ മല കയറുമല എന്നറിയപ്പെടുന്നു. മലമുകളിൽ നിന്നും താഴേക്കു കേബിൾ കാർ സർവീസ് നടത്തുന്നുണ്ട്. കല്ലുകൊണ്ടുണ്ടാക്കിയ അവരുടെ വീടുകൾ, പുരാതന കവലയുടെ അവശിഷ്ടങ്ങൾ,.. പാകപ്പെടുത്തിയ കൃഷിയിടങ്ങൾ,.. മരങ്ങൾ എല്ലാം താഴെ കാണാൻ കഴിയും.
വടക്കേ മലബാറിലെ മുസ്‌ലിംകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുണ്ടും അരപ്പട്ടയും അതിൽ ഒന്നാം തരം കൊത്തുപണികളോടു കൂടിയ വെള്ളിയുടെ പിടിയുള്ള ഒരു കത്തിയും ധരിക്കുന്നവരാണ് ഇവിടുത്തെ അറബികളിൽ അധികവും.
ഒരുപാട് പ്രത്യേകതകൾ ഉണ്ട് അസീറിന്. ഏറ്റവും നല്ല അറേബ്യൻ മന്തി കിട്ടുന്നത് ഇവിടെയാണ്. ചുട്ടുപഴുത്ത ചെറിയ ഉരുളൻ കല്ലിന്മേൽ വെച്ചു ചൂടാക്കി ഉണ്ടാക്കുന്ന ചുട്ട കോഴിക്ക് വല്ലാത്ത രുചിയാണ്.
തേൻ ഉൽപാദിപ്പിക്കുന്ന പൂന്തോട്ടങ്ങൾ ഇവിടെ ഉണ്ട്. നാടൻ തേനും ഒട്ടകത്തിന്റെ നെയ്യും വിൽക്കുന്ന ബദുക്കൾ എന്നറിയപ്പെടുന്ന നാടൻ അറബികളെ വഴിയോരങ്ങളിൽ കാണാം. ഒട്ടകത്തിന്റെ കണ്ണു കെട്ടി മരച്ചക്കിൽ ആട്ടുന്ന എണ്ണയും ഇവിടെ കിട്ടും. ഇവിടെ മാത്രം കാണുന്ന പ്രത്യേകത.