ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന യാത്രക്കാരനെ കൈകാര്യം ചെയ്തു; വീഡിയോ തെളിവായി, കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം- കെഎസ്ആര്‍ടിസി ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്രചെയ്തതിന് യാത്രക്കാരനെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള സ്വദേശി സുരേഷ്‌കുമാറി (42) നെയാണ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാൻ  ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ്  യാത്രചെയ്തത്.  കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പൊലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.

എന്നാല്‍ യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരേ പരാതി ഉന്നയിച്ചു. ബസിനുള്ളില്‍ കണ്ടക്ടര്‍ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. തുടർന്നാണ് കണ്ടക്ടർ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

Latest News