Sorry, you need to enable JavaScript to visit this website.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവിനെതിരെ ജാമ്യമില്ലാ വാറണ്ട്

മീരു- ഉത്തർപ്രദേശിലെ മീററ്റിൽ പതിനേഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അരവിന്ദ് ഗുപ്ത മാർവാരിക്കെതിരെ പോക്സോ പ്രകാരം  പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട്  പുറപ്പെടുവിച്ചു.
മാർവാരിയുടെ അറസ്റ്റിനായി സാധ്യമായ എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടത്തുകയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് മാർവാരിയുടെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ശർമ പറഞ്ഞു.
ആഗസ്റ്റ് എട്ടിനകം  ഹാജരാക്കാൻ കോടതി അരവിന്ദ് ഗുപ്തയോട് നിർദ്ദേശിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ അതിനുശേഷം ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു. 

മീറത്തിലെ ബിജെപി മഹാനഗർ  യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് അരവിന്ദ് ഗുപ്ത മാർവാരി. ഇയാളുടെ ബന്ധുവായ സഞ്ജീവ് ജെയിൻ സിക്ക ഉത്തർപ്രദേശ് മന്ത്രിയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ  മുതിർന്ന അഭിഭാഷകൻ രമേഷ് ചന്ദ് ഗുപ്ത മാർവാരിയുടെയും സിക്കയുടെയും മാതൃസഹോദരനാണ്. അഭിഭാഷകനായ രമേഷ് ചന്ദ് ഗുപ്തയുടെ ഓഫീസിൽ ജോലി ചെയ്യുന്ന 17 കാരിയാണ് തന്നെ മൂവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചത്. സഞ്ജീവ് സിക്ക തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചതിനാൽ  അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ശർമ്മ പറഞ്ഞു.

അഭിഭാഷകനായ ഗുപ്ത രണ്ട്  പെൺകുട്ടികളെ പീഡിപ്പിക്കുന്ന രണ്ട് വീഡിയോകൾ പുറത്തുവന്നതായി പോലീസ് പറഞ്ഞു.

വീഡിയോകൾ പുറത്തുവന്നതിന് ശേഷം, 17 കാരിയായ പെൺകുട്ടിയെ കാണാതായി. മെയ് 27 ന് അവളുടെ സഹോദരൻ മിസ്സിംഗ് കേസ് ഫയൽ  ചെയ്തു. ജൂൺ 15 ന് പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. ജൂൺ 16 ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ക്രിമിനൽ നടപടിച്ചട്ടം  സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തിയ മൊഴിയിൽ അഭിഭാഷകൻ ഗുപ്ത, ബിജെപി നേതാവ്, സിക്ക എന്നിവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതെന്ന് പോലീസ് പറഞ്ഞു.

അതേസമയം, രണ്ട് നേതാക്കളെയും പുറത്താക്കാനുള്ള ശുപാർശ ബിജെപി സംസ്ഥാന ഘടകത്തിന് അയച്ചതായി ബിജെപി മഹാനഗർ യൂണിറ്റ് പ്രസിഡന്റ് മുകേഷ് സിംഗാൾ പറഞ്ഞു.

Latest News