Sorry, you need to enable JavaScript to visit this website.

എഐ ക്യാമറ പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി

തിരുവനന്തപുരം- കേരളത്തില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്നാട് ഗതാഗതവകുപ്പിലെ സംഘമെത്തി. എഐ ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയത്. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ തമിഴ്നാട് സംഘത്തെ സ്വീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വാഹന അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിക്കും മുന്‍പ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങള്‍. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ യാത്ര സൗകര്യങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് മുന്‍പ് പുതിയ 113 സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഉള്‍പ്പെടെ 163 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest News