തിരുവനന്തപുരം- വഞ്ചിയൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ സി.പി.എമ്മില്‍ നടപടി. വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം നേരിടുന്ന വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രന് നായരെ സസ്പെന്റ് ചെയ്തു. സ്വരൂപിച്ച ഫണ്ടില്‍ അഞ്ച് ലക്ഷം രൂപ രവീന്ദ്രന് നായര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.
2008ലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണു പാസ്പോര്‍ട്ട് ഓഫീസിനു സമീപം കൊല്ലപ്പെട്ടത്. തുടര്‍ന്ന് വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചു. ഇതില്‍ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് നല്കി. ബാക്കി തുക ചുമട്ടുതൊഴിലാളി യൂണിയന് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചു. ഇതില്‍നിന്നു അഞ്ച് ലക്ഷം രൂപ രവീന്ദ്രന് നായര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയിരുന്നു. ഫണ്ട് തട്ടിപ്പില്‍ ആരോപണം ഉയര്‍ന്നതോടെ വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടിയിലേക്ക് കടന്നത്.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. വിഷ്ണുവിന്റെ കുടുംബത്തിന് നല്കിയ ശേഷമുള്ളതില്‍ അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്. ഈ പണം അക്കൗണ്ടിലുണ്ടായിരുന്നു എങ്കില്‍ പലിശയും ചേര്‍ത്ത് ഒമ്പത് ലക്ഷം രൂപയാകുമായിരുന്നുവെന്നു ലോക്കല്‍ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.






