Sorry, you need to enable JavaScript to visit this website.

മോര്‍ച്ചറിയോട് യോജിപ്പില്ല, ജയരാജനെ തള്ളി പാര്‍ട്ടി

കണ്ണൂര്‍ -  ഷംസീര്‍ വിഷയത്തില്‍ മോര്‍ച്ചറി പരാമര്‍ശം നടത്തിയ പി.ജയരാജനെ പൂര്‍ണമായും തള്ളി പാര്‍ട്ടി നേതൃത്വം. പ്രകോപനപരമായ പ്രസംഗമോ കൊലവിളിയോ പാര്‍ട്ടി നിലപാട് അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി.
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എറണാകുളം  കുന്നത്തുനാട്ടില്‍ നടത്തിയ പ്രസംഗം വിവാദമായിട്ടും പാര്‍ട്ടി നേതൃത്വവും പോഷക സംഘടനകളും പ്രതികരിക്കാതെ വന്നതോടെയാണ് മണിപ്പൂര്‍ വിഷയത്തില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ പി.ജയരാജന്‍ ഈ വിഷയം ഏറ്റെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവ  മോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്. ഇതിനെ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രാസഭംഗിയായി പിന്‍തുണച്ചുവെങ്കിലും മറ്റൊരു നേതാവും പ്രതികരിച്ചില്ല. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രകോപനപരമായ പ്രസംഗമോ ഭീഷണിയോ പാര്‍ട്ടി നിലപാട് അല്ലെന്നും ഇതിനെ പാര്‍ട്ടി പിന്‍തുണക്കില്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. ജനാധിപത്യപരമായി പ്രതികരിക്കുകയെന്നതാണ് പാര്‍ട്ടി നിലപാട്. ഒരു കൊലപാതകം നടന്നാല്‍ പോലും അതിനെ മറ്റൊരു കൊല കൊണ്ട് പ്രതിരോധിക്കുകയില്ലെന്ന് പാര്‍ട്ടി നേരത്തെ നിലപാട് എടുത്തിട്ടുണ്ട്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
ഈ പ്രതികരണത്തോടെ പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി ഒറ്റപ്പെട്ടിരിക്കയാണ്. എ.എന്‍.ഷംസീര്‍ നടത്തിയ പ്രസംഗം വിവാദമാവുകയും, ഇതിനെതിരെ യുവമോര്‍ച്ച നേതാവ് ഗണേഷ് കൈവെട്ടല്‍ പരാമര്‍ശം നടത്തിയിട്ടും പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. വൈകാരികമായ ഈ വിഷയം താനെ കെട്ടടങ്ങുമെന്ന നില വന്നപ്പോഴാണ് പി.ജയരാജന്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചതും പാര്‍ട്ടി പ്രതിരോധത്തിലായതും. ഈ സാഹചര്യത്തിലാണ് പി.ജയരാജന്റെ നിലപാടിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയത്.
പ്രസംഗവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്താല്‍ പി.ജയരാജനെതിരെയും കേസെടുക്കേണ്ടി വരുമെന്നതിനാല്‍ ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പും മൗനം പാലിക്കുകയാണ്.

 

Latest News