ചെന്നൈ- ചുറ്റുമതിലും ഗേറ്റും പാറാവുകാരും അടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള ഫഌറ്റ് സമുച്ചയത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ 12കാരിയായ ബധിര ബാലികയെ 22 പേര്‍ ചേര്‍ന്ന് ഏഴു മാസത്തോളം ക്രൂര പീഡനത്തിനിരയാക്കി. ചെന്നൈ അയനവാരത്തെ ഫഌറ്റിലാണ് സംഭവം. മയക്കു മരുന്ന് കുത്തിവച്ചും ലഘുപാനീയത്തില്‍ കലക്കി നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് കാപാലികര്‍ ഈ ക്രൂരകൃത്യം ചെയ്തത്. ലൈംഗിക പീഡന ദൃശ്യങ്ങല്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. സംഭവത്തില്‍ ഫഌറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളുണ്ടായി. കോടതി മുറിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പോലീസ് വലയത്തെ വകഞ്ഞു മാറ്റി 50ഓളം അഭിഭാഷകര്‍ കൂട്ടമായെത്തി 17 പ്രതികളെ ആക്രമിച്ചു. കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ സുരക്ഷിതമായി മാറ്റിയത്.
ദല്‍ഹിയില്‍ നിന്നെത്തിയ മൂത്ത സഹോദരിയോടാണ് മാസങ്ങളായി പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഉടന്‍ മാതാപിതാക്കളെ അറിയിക്കും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്ന ഫഌറ്റ് സമുച്ചയത്തില്‍ മുന്നൂറോളം ഫഌറ്റുകളാണുള്ളത്. ഇതില്‍ പലതും ഒഴിഞ്ഞു കിടക്കുകയാണ്. ലിഫ്റ്റ് ഓപറേറ്ററായ 66കാരന്‍ രവികുമാറാണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം പുറത്തു നിന്നെത്തിയവരും പീഡിപ്പിച്ചു. മറ്റു പ്രതികളും ഇതു തുടര്‍ന്നു.
സ്‌കൂള്‍ കഴിഞ്ഞെത്തുന്ന കുട്ടിയെ ആള്‍പെരുമാറ്റമില്ലാത്ത ബേസ്‌മെന്റ്, ശുചിമുറി, ടറസ് എന്നിവിടങ്ങളില്‍ കൊണ്ടു പോയാണ് പ്രതികള്‍ പീഡിപ്പിച്ചിരുന്നത്. ആള്‍താമസം കുറവായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. ആറു സെക്യൂരിറ്റി ജീവനക്കാരും അഞ്ച് ലിഫ്റ്റ് ഓപറേറ്റര്‍മാരും മറ്റു ശുചീകരണ തൊഴിലാളികളും ഇലക്ട്രീഷ്യന്‍മാരും പ്ലമര്‍മാരുമാണ് പ്രതികള്‍.