മുതലപ്പൊഴിയുടെ മുറിവുകൾ

ഡ്രഡ്ജിങ് സംബന്ധിച്ച് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മൂന്നു മന്ത്രിമാരും ഉൾപ്പെട്ട സമിതി ജൂലൈ 18 നു  അദാനി പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ചർച്ച ഫലപ്രദമാകണം. ചാനലിലേക്കു മണൽ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്തു മറുഭാഗത്തെത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. 10 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകിയെങ്കിലും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. മത്സ്യത്തൊഴിലാളികളുടെ ജിവന് സംരക്ഷണം നൽകുകയെന്നത് പരമ പ്രധാനമാണ്.

 


മത്സ്യത്തൊഴിലാളികൾക്ക് മുതലപ്പൊഴിയെന്ന് കേൾക്കുന്നതു തന്നെ ഭയമാണ്. മത്സ്യബന്ധനത്തിന് പോയ അറുപതിലധികം പേരാണ് ഇവിടെ  അപകടത്തിൽപെട്ട് മരിച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മൂന്ന് പേർ അപകടത്തിൽ പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. അശാസ്ത്രീയമായ നിർമാണമാണ് മത്സ്യത്തൊഴിലാളികളിവിടെ കൊലചെയ്യപ്പെടാൻ കാരണം.  അപകടമായി മാത്രം ഈ മരണങ്ങളെ എഴുതിത്തള്ളാനാകില്ല. ഇവിടെ അപകടത്തിൽപെട്ട് മരിക്കുന്നവരുടെ പലരുടെയും മൃതദേഹം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഓർക്കണം. അപകടങ്ങൾ തുടർക്കഥയാകാതിരിക്കാൻ ആവശ്യമായ നടപടിയുണ്ടാകണം. മഴക്കാലത്ത് കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും സർക്കാരും ജാഗ്രത പാലിക്കണം.
മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള  വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഇനിയെങ്കിലും തയാറാകണം. രക്ഷാപ്രവർത്തനത്തിന് മതിയായ സംവിധാനം ഉറപ്പ് വരുത്തണം. 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാൻ സാധിക്കുന്ന രീതിയിൽ സേഫ് കൊറിഡോർ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ന്യായമാണ്. മുതലപ്പൊഴിയെ കുറിച്ച് 2021 ഓഗസ്റ്റിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നായിരുന്നു അന്ന് സർക്കാരിന്റെ ഉറപ്പ്. എന്നിട്ടും അപകടം തുടർക്കഥയാകുമ്പോൾ ജനങ്ങൾ സർക്കാരിന് നേരെ വിരൽ ചൂണ്ടുന്നതിനെ തടയാനാവില്ല.
കഴിഞ്ഞ 10 ന് ഉണ്ടായ അപകടത്തിൽ നാലുപേരാണ് മരിച്ചത്. ഇങ്ങനെ മരണം ആവർത്തിച്ചുണ്ടാകുമ്പോൾ ജനങ്ങൾ ക്ഷോഭിക്കുക സാധാരണമാണ്. അതിനെ രാഷ്ട്രീയ കണ്ണോടെ കണ്ടിട്ട് കാര്യമില്ല. സമുദായ നിറം നൽകിയിട്ടും കാര്യമില്ല. അപകട സ്ഥലം സന്ദർശിച്ച മന്ത്രിമാരുൾപ്പെടെയുള്ളവരോട് ജനം വൈകാരികമായി പ്രതികരിച്ചുവെന്നത് നേരാണ്. ഇങ്ങനെ പ്രതികരിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ വേണ്ടപ്പെട്ടവരുടെ തുടർച്ചയായുള്ള മരണങ്ങൾ ജനങ്ങളെ എത്തരത്തിൽ പ്രതികരിപ്പിക്കുമെന്ന് പറയാനാവില്ല. മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും സംയമനം പാലിക്കേണ്ടതായിരുന്നു.
എന്നാൽ മന്ത്രിമാരുടെ ഇടപെടൽ പ്രശ്‌നം കൂടുതൽ വഷളാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ കഴമ്പുണ്ട്. മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തത് പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കും. തീരദേക ജനത മതാടിസ്ഥാനത്തിലാണ് സംഘടിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധയിക്കാര്യത്തിൽ ചെലുത്തേണ്ടതുണ്ടായിരുന്നു.
മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട് മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത് സ്വാഗതാർഹമാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കാൻ ചേർന്ന മന്ത്രിതല യോഗത്തിലെ നിർദേശങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്കു ശേഷമാണ് അദ്ദേഹമിത് പറഞ്ഞത്. ജൂലൈ 10 നു മുതലപ്പൊഴിയിൽ അപകടത്തിൽപെട്ട് മരിച്ചവരിൽ റോബിന്റെ (42) കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകും. ഭാര്യക്കു വരുമാന മാർഗം ഉറപ്പാക്കും. ബിജു ആന്റണിയുടെ (49) കുടുംബത്തിനു പുതിയ വീടു നിർമിച്ചു നൽകും. മൂത്ത മകൾക്കു വരുമാന മാർഗമൊരുക്കും. സുരേഷ് ഫെർണാണ്ടസിന്റെ (58) മകന് മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം നൽകും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കഠിനംകുളം സഹകരണ ബാങ്കിലുള്ള വായ്പ സംബന്ധിച്ചു സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കടബാധ്യത ഒഴിവാക്കും. 
കുഞ്ഞുമോന്റെ (42) കുടുംബത്തിനു പുനർഗേഹം പദ്ധതി പ്രകാരം വീടു നിർമിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൂമി വാങ്ങി വീടു നിർമിച്ചപ്പോൾ സ്വകാര്യ സ്ഥാപനത്തിൽനിന്നെടുക്കേണ്ടിവന്ന അഞ്ചു ലക്ഷം രൂപയുടെ കടബാധ്യത പൂർണമായി ഒഴിവാക്കുന്നതിനു സഹായം നൽകും. കുടുംബനാഥക്കു വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് മുമ്പ് ഇവിടെ അപകടത്തിൽപെട്ട് മരിച്ചവരുടെ കുടുംബങ്ങളും അനാഥമാകരുത്. അവർക്കും ആവശ്യമായ സഹായം സർക്കാർ ചെയ്യണം.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ വൈകിക്കൂടാ. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അദാനി പോർട്ടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാർ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകാൻ പാടില്ല. 
ഡ്രഡ്ജിങ് സംബന്ധിച്ച് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാരും തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മൂന്നു മന്ത്രിമാരും ഉൾപ്പെട്ട സമിതി ജൂലൈ 18 നു  അദാനി പോർട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ചർച്ച ഫലപ്രദമാകണം. ചാനലിലേക്കു മണൽ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്ത് മറുഭാഗത്തെത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. 10 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകിയെങ്കിലും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷണം നൽകുകയെന്നത് പരമ പ്രധാനമാണ്.

 

Latest News