കാത്തിരുന്നത് പൊന്നുമോളെ, കണ്ടത് ചാക്കിൽ കുത്തിയൊടിച്ച മൃതശരീരം; നെഞ്ചുപൊട്ടുന്ന കാഴ്ച!

ആലുവ - തട്ടിക്കൊണ്ടുപോയെങ്കിലും തങ്ങളുടെ പൊന്നുമോളെ ജീവനോടെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു മറ്റെല്ലാവരേയും പോലെ ചാന്ദ്‌നിയുടെ അച്ഛനും അമ്മയും. എന്നാൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആറുവയസ്സുകാരിയായ മകളുടെ മൃതശരീരം കുത്തിയൊടിച്ച നിലയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതോടെ നെഞ്ചുപൊട്ടുകയാണ് ബീഹാർ സ്വദേശികളായ ഈ മാതാപിതാക്കൾക്ക്. കണ്ടുനിൽക്കുന്നവർക്കും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥ.
 തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച മകളെ കൊലപ്പെടുത്തിയെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ അലമുറയിട്ട് കരയുകയാണിവർ. ആലുവ മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാറിലെ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെയും നീതു കുമാരിയുടെയും നാലു മക്കളിൽ രണ്ടാമത്തെ മകളാണ് ആറുവയസ്സുകാരിയായ കൊല്ലപ്പെട്ട ചാന്ദ്‌നി. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ചാന്ദ്‌നി. ഒരു മകനും മൂന്ന് പെൺമക്കളുമാണ് ഇവർക്കുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം രാംധറും ഭാര്യ നീതുവും അറിഞ്ഞത്. തുടർന്ന് പലേടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയോടെ പ്രതി അസം സ്വദേശിയായ അസ്ഫാഖ് ആലത്തെ പോലീസ് പിടികൂടി പല സ്ഥലത്തും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ശേഷം ഇന്ന് ഉച്ചയോടെ ആലുവയിലെ പെരിയാർ തീരത്തെ മാലിന്യക്കൂമ്പാരത്തിൽ തീരാ വേദനയായി ചാന്ദ്‌നിയെ ചാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തുകയായിരുന്നു.

Latest News