കണ്ണൂര്‍ - കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനമില്ലാത്തതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി തത്കാലം മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം മാത്രം വിചാരിച്ചാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല. പക്ഷെ ഒരു കാലത്ത് കേന്ദ്ര സര്‍ക്കാറിന് പദ്ധതിയെ അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന വികസന സെമിനാറിന്റെ ഭാഗമായുള്ള ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രം ആവര്‍ത്തിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.






