അഫ്‌സാനയുടെ കെണിയില്‍ വീണ പോലീസിനെതിരെ നാട്ടുകാര്‍, അമിതാവേശം വിനയായി

പത്തനംതിട്ട - ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന അഫ്‌സാനയുടെ മൊഴി വിശ്വസിച്ച് എടുത്തു ചാടിയ പോലീസിനെതിരെ നാട്ടുകാര്‍. തെറ്റായ മൊഴിയുടെ അടിസ്ഥാനത്തില്‍ അടൂരിലെ പരുത്തപ്പാറ ലക്ഷം വീട് കോളനിയിലുണ്ടായ പോലീസ് നടപടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. നൗഷാദിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന അഫ്‌സാനയുടെ മൊഴി വിശ്വസിച്ച ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെ പറമ്പ് കിളച്ചു മറിക്കുകയും കക്കൂസ് ടാങ്ക് പൊളിച്ച് മാറ്റി പരിശോധന നടത്തുകയും ചെയ്തിരുന്നു. പാലമുറ്റത്ത് ബിജുകുമാറിന്റെ കക്കൂസ് ടാങ്ക് ഇളക്കി മാറ്റിയ പോലീസ് ഇത് ശരിയായ രീതിയില്‍ മൂടാതെയാണ് പോയത്. ഇത് കാരണം അയല്‍പക്കത്താകെ ദുര്‍ഗന്ധം വമിക്കുകയാണ്. കക്കൂസ് ടാങ്ക് പഴയ രീതിയിലാക്കി നല്‍കണമെന്നും കിളച്ചിട്ട പറമ്പും കൃത്യമായി മൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിവിധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഫ്‌സാന നല്‍കിയ മൊഴി ശരിയാണോയെന്ന് പ്രാഥമികമായി ഉറപ്പിക്കുന്നതിന് മുന്‍പ് പോലീസ് അമിതാവേശം കാണിച്ചതിലാണ് നാട്ടുകാര്‍ക്ക് പ്രതിഷേധം.

 

Latest News