സുധാകരനെ തള്ളി രമേശ് ചെന്നിത്തല, പുതുപ്പള്ളിയില്‍ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസിനില്ല

തിരുവനന്തപുരം - പുതുപ്പള്ളിയില്‍ ഇടതുപക്ഷം മത്സരിക്കരുത് എന്ന് പറയാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍  കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇടത് പക്ഷ നേതാക്കന്‍മാര്‍ മരിക്കുമ്പോള്‍ അവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികള്‍ക്കല്ലല്ലോ ഇവിടെ പ്രസക്തി. അതുകൊണ്ട് തന്നെ പുതുപ്പള്ളിയില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി മരിച്ചതിന്റെ പിറ്റേന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയുമോ. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല.  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.  ലോകസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപി മാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ലോകസഭ തെരഞ്ഞെടുപ്പ് ആയാല്‍ ആരൊക്കെ മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഞാനെന്നും പാര്‍ട്ടിക്ക് വിധേയനാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന് താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. നാളെയും പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Latest News