Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ സഖ്യം ശക്തമാകുമ്പോൾ മോഡിയുമായി വേദി പങ്കിടാനൊരുങ്ങി പവാർ; ക്ഷുഭിതരായി നേതാക്കൾ

ന്യൂദൽഹി- ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) മൂന്നാമത്തെ യോഗം ആഗസ്റ്റ് 25, 26 തീയതികളിൽ മുംബൈയിൽ നടക്കാനിരിക്കെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ (എൻസിപി) നേതാവ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്  നേതാക്കൾ.  ആഗസ്ത് ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പവാർ   വേദി പങ്കിടുന്നത്.  വെള്ളിയാഴ്ച നടന്ന ഇന്ത്യ നേതാക്കളുടെ യോഗത്തിൽ പവാർ ചടങ്ങിന്റെ മുഖ്യാതിഥിയാകുന്നത് സംബന്ധിച്ച് ചില അംഗങ്ങൾ ആശങ്ക ഉന്നയിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മോഡിയെ ലോകമാന്യ തിലക് അവാർഡ് നൽകി ആദരിക്കുന്നതാണ് ചടങ്ങ്. 

ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എൻസിപി നേതാവിനോട് സംസാരിക്കുമെന്നാണ് സൂചന. പവാർ പ്രധാനമന്ത്രിയുമായി വേദി പങ്കിടുന്നത് തെറ്റായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇന്ത്യൻ ബ്ലോക്ക് നേതാക്കന്മാരിൽ ചിലർക്ക് അഭിപ്രായമുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുമ്പോൾ ഈ വേദി പങ്കിടൽ മതിപ്പ് മോശമാക്കും. 

മോഡിയുമായി വേദി പങ്കിടുന്നതിലൂടെ, പവാർ ഇന്ത്യാ സംഖ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.  പ്രധാനമന്ത്രി മോഡി ഇന്ത്യ സഖ്യത്തെ രൂക്ഷമായി  ആക്രമിച്ചത് അവർ ചൂണ്ടിക്കാണിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായും ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായുമാണ് പ്രതിപക്ഷ സഖ്യത്തെ മോഡി   താരതമ്യം ചെയ്തത്.

 

Latest News