ന്യൂദൽഹി-സൗത്ത് ദൽഹിയിലെ മാളവ്യ നഗർ പാർക്കിൽ വെച്ച് 22 കാരിയായ യുവതിയെ പട്ടാപ്പകൽ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ കുടുംബം പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. നർഗീസ് എന്ന യുവതിയാണ് മരിച്ചത്. പ്രതി 28 കാരൻ ഇർഫാനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
അരബിന്ദോ കോളേജിന് സമീപമുള്ള വിജയ് മണ്ഡൽ പാർക്കിലായിരുന്നു സംഭവമെന്ന് സൗത്ത് ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു. ഒരു കസേര, ഒരു ഇരുമ്പ് ദണ്ഡ്, ഒരു ബാഗ് എന്നിവ യുവതിയുടെ മൃതദേഹത്തിനുസമീപം നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. മരിച്ച നർഗീസ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 7-8 കിലോമീറ്റർ അകലെയുള്ള സംഗം വിഹാറിലെ വീട്ടിൽ നിന്നാണ് ഇർഫാനെ പോലീസ് അറസ്റ്റ് ചെയ്തത്. മാളവ്യ നഗറിലെ സ്റ്റെനോഗ്രാഫി കോച്ചിംഗിൽ യുവതി പങ്കെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവതിയും പ്രതിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. വിവാഹത്തെ കുറിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും പിന്നീട് യുവതിയുടെ മാതാപിതാക്കളും നർഗീസ് തന്നെയും നിർദ്ദേശം നിരസിച്ചു. ഇത് പ്രതിയെ പ്രകോപിപ്പിച്ചവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.