Sorry, you need to enable JavaScript to visit this website.

ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് നീക്കണമെന്ന് ബി.ജെ.പി എംപി; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി - ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി. ഉത്തരാഖണ്ഡിൽ നിന്നുള്ള എം.പി നേരാഷ് ബൻസാലാണ് രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചത്.
 ഭരണഘടനയിൽ ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭാരത് എന്ന് മാത്രമാക്കണമെന്നാണ് എം.പിയുടെ ആവശ്യം. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണം. നരേന്ദ്ര മോഡിതന്നെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കൊളോണിയൽ ചിന്താഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നരേഷ് ബൻസാൽ ചൂണ്ടിക്കാട്ടി. 
 അതിനിടെ, നരേഷ് ബൻസാലിനെ ഇത് ഉന്നയിക്കാൻ രാജ്യസഭ നിയന്ത്രിച്ച പി.ടി ഉഷ സമയം അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ നയമാണ് എം.പിയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.
 മണിപ്പൂർ വംശഹത്യയിൽ പ്രതിഷേധിച്ചുള്ള സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിലുള്ള പ്രതിപക്ഷ ബഹളം കാരണം ഇന്നും പാർലമെന്റ് സ്തംഭിച്ചു. ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബി.ജെ.പി എം.പി ചുളുവിൽ വിവാദ ആവശ്യം ഉന്നയിച്ചത്. 
 മോഡി സർക്കാറിനെ താഴെ ഇറക്കാനായി 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ്) എന്ന സഖ്യം രൂപീകരിച്ചതിന് ഡൽഹി പോലീസ് ഈയിടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസെടുത്തിരുന്നു. എൻ.ഡി.എക്കെതിരെ കൂട്ടായി പൊരുതാൻ 'ഇന്ത്യ' സഖ്യം രൂപീകരിച്ചതിന് പിന്നാലെ മോഡിയും അമിത് ഷായും അടക്കമുള്ള സംഘപരിവാർ നേതാക്കൾ രൂക്ഷ വിമർശവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ബി.ജെ.പി എം.പി ഭരണഘടനയിൽനിന്ന് ഇന്ത്യ എന്ന പേര് പോലും നീക്കണമെന്ന അതി ഗുരതരമായ നിലപാടുമായി രംഗത്തുവന്നത്. രാജ്യത്തെ ഭരണഘടനയും മതനിരപേക്ഷ മൂല്യങ്ങളും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ ശക്തികൾ ശക്തമായി രംഗത്തുവരുമ്പോഴാണ് ബി.ജെ.പി വിചിത്രമായ വാദങ്ങളുമായി സ്വയം അപഹാസ്യരാകുന്നതെന്നാണ് വിമർശം.

Latest News