മൈദ വില്‍പനയിലെ തട്ടിപ്പ്; റിയാദില്‍ രണ്ട് സൗദികള്‍ക്ക് ശിക്ഷ

റിയാദ് - വ്യാപാര തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു സൗദി പൗരന്മാരെ ദമാം ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ദമാമില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദാലൂബ് മില്‍ ഉടമ റായിദ് സാലിം അലി ബുഖ്ശാന്‍, പാര്‍ട്ണര്‍ ത്വലാല്‍ ഇബ്രാഹിം മൂസ ആലുയൂസുഫ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സര്‍ക്കാര്‍ സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന മൈദ  സുരക്ഷിതമല്ലാത്ത രീതിയില്‍ ചെറിയ പാക്കറ്റുകളില്‍ നിറച്ച് മറ്റു കമ്പനികളുടെ ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിച്ചുവെന്നാണ് കേസ്.
നിയമ ലംഘകര്‍ക്ക് നാലു ലക്ഷം റിയാല്‍ പിഴ ചുമത്തിയ കോടതി സ്ഥാപനം അടപ്പിക്കുന്നതിനും വ്യാജ ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നതിനും ഉപകരണങ്ങള്‍ കണ്ടുകെട്ടുന്നതിനും ഉത്തരവായി.
പ്രതികളുടെ പേരുവിവരങ്ങളും നിയമ ലംഘനങ്ങളും ശിക്ഷയും അവരുടെ തന്നെ ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ഉത്തരവുണ്ട്. വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് സ്ഥാപനത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്  കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
 

Latest News