ന്യൂദൽഹി- വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂർച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യൻ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം ഇതൊക്കെയുള്ള മഹാരാജയെ ഒഴിവാക്കാൻ എയർ ഇന്ത്യ. എയർ ഇന്ത്യക്ക് പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ മഹാരാജയെ ഒഴിവാക്കാൻ ടാറ്റ തീരുമാനിച്ചത്. 76 വർഷമായി എയർ ഇന്ത്യയുടെ ചിഹ്നമായിരുന്നു ഇത്. എയർ ഇന്ത്യ ചാർട്ടേഴ്‌സ് ചെയർമാനായിരുന്ന ബോബി കൂകയാണ് 'മഹാരാജ' രൂപകൽപന ചെയ്തത്. മഹാരാജിന്റെ കൂർത്ത മീശയുടെ പ്രചോദനം പാകിസ്താനിൽ നിന്നുള്ള വ്യവസായി സയ്യിദ് വാജിദ് അലിയാണ് തയാറാക്കിയത്.
അതേസമയം, എയർപോർട്ട് ലോഞ്ചുകൾക്കും പ്രീമിയം ക്ലാസുകൾക്കും 'മഹാരാജ' ചിത്രം ഉപയോഗിക്കുന്നത് എയർ ഇന്ത്യ തുടരും. എന്നാൽ ഇത് ഒരു ചിഹ്നമായി ഉപയോഗിക്കില്ല. ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളുടെ പുതിയ ചിഹ്നമായിരിക്കും എയർ ഇന്ത്യ സ്വീകരിക്കുക എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. അടുത്ത മാസത്തോടെ പുതിയ രീതിയിലേക്ക് എയർലൈൻസ് മാറാനാണ് സാധ്യത.
എയർ ഏഷ്യ ഇന്ത്യയെ എ.ഐ.എക്സ് കണക്ട് എന്ന് പുനർനാമകരണം ചെയ്യാനാണ് ടാറ്റയുടെ തീരുമാനം. 'എയർ ഇന്ത്യ എക്‌സ്പ്രസ്' എന്ന ബ്രാൻഡിൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് എഐഎക്സ് കണക്റ്റിന് റെഗുലേറ്ററി അനുമതി ലഭിച്ചു കഴിഞ്ഞു.