ഉമ്മൻ ചാണ്ടി: മാനവികതയുടെ മഹാസ്രോതസ്സ്

പതിനഞ്ചു വർഷം മുമ്പ് റിയാദിൽ മംഗലാപുരം സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു മലയാളികളെ രക്ഷപ്പെടുത്താൻ മനുഷ്യ സ്‌നേഹിയായ ഉമ്മൻ ചാണ്ടി, ഖത്തറിലെ സി.കെ. മേനോന്റെ സഹായത്തോടെ നടത്തിയ പരിശ്രമം വിജയം കണ്ടതിനെക്കുറിച്ച് അന്ന് ഈ പ്രശ്‌നത്തിൽ ഇടപെട്ട റിയാദ് ഇന്ത്യൻ എംബസി ജീവനക്കാരനായ ലേഖകൻ അനുസ്മരിക്കുന്നു.  
                                                                                 

 

2008 ൽ റിയാദിൽ വെച്ച്  കൊല്ലപ്പെട്ട മംഗലാപുരം സ്വദേശിയുടെ കേസുമായി ബന്ധപ്പെട്ടു നാലു മലയാളികൾക്ക് വധശിക്ഷ വിധിക്കപ്പെട്ടപ്പോൾ ആദരണീയനായ  ഉമ്മൻ ചാണ്ടിയുടെ സജീവമായ ഇടപെടൽ കൊണ്ടായിരുന്നു അവരുടെ വധശിക്ഷ ഒഴിവായതും അവർ ജയിൽ മോചിതരായതും.  
2012 ലായിരുന്നു കേസിന്റെ വിധി വന്നത്.  അന്ന്  ഉമ്മൻ ചാണ്ടി കേരളത്തിലെ  പ്രതിപക്ഷ നേതാവായിരുന്നു. സൗദി അറേബ്യയുടെ നീതിന്യായ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കൊലപാതകക്കേസിൽ നാലു മലയാളികൾക്ക് വധശിക്ഷ ലഭിക്കുന്നത്.  കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെടുകയും കോടതി അത് ശരിവെക്കുകയും ചെയ്തു.  ഈ കേസുമായി ബന്ധപ്പെട്ട് വിനീതനായ ഞാനും സഹപ്രവർത്തകനായിരുന്ന ഉത്തർപ്രദേശ് സ്വദേശി വസിയുള്ള ഖാനുമായിരുന്നു ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായിരുന്നത്.  പാലക്കാട് സ്വദേശിയായ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി പി. ബാലചന്ദ്രൻ സാറിനായിരുന്നു അന്ന് എംബസിയിലെ സാമൂഹിക ക്ഷേമവിഭാഗത്തിന്റെ ചുമതല.  കൊല്ലപ്പെട്ട മംഗലാപുരം സ്വദേശിയുടെ പിതാവിനോടൊപ്പം ഒ.ഐ.സി.സിയുടെ സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റായ കാസർകോട് സ്വദേശി സി. എം.മുഹമ്മദ് കുഞ്ഞി കുമ്പളയും ഞാനും ബാലചന്ദ്രൻ സാറും വിശദമായി സംസാരിച്ചു.  പ്രതികളുടെ വധശിക്ഷ എന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ മരണപ്പെട്ട ആളുടെ പിതാവ്  ഒരു ഘട്ടത്തിൽ പോലും തയാറായിരുന്നില്ല.  നിരന്തര സമ്മർദങ്ങൾക്ക് ശേഷമാണ് വാദിഭാഗം ചർച്ചക്ക് തന്നെ തയാറായത്.
പ്രവാസ ലോകത്തെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ശിഹാബ്  കൊട്ടുകാടും കേസിൽ സജീവമായി ഇടപ്പെട്ടു. വിശുദ്ധ ഖുർആൻ വചനങ്ങളും തിരുനബിയുടെ വചനങ്ങളും ഉദ്ധരിച്ചുകൊണ്ട് കൊല്ലപ്പെട്ട ആളുടെ പിതാവിൽ ചെലുത്തിയ നിരന്തര സമ്മർദത്തിന്റെ ഫലമായി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം തന്നാൽ വധശിക്ഷ പിൻവലിക്കാനാവശ്യപ്പെടാമെന്ന കാര്യം ആലോചിക്കാമെന്ന് അവസാനം അദ്ദേഹം സമ്മതിച്ചു.  ഏകദേശം ഒന്നേകാൽ കോടി രൂപക്ക് തുല്യമായ റിയാലായിരുന്നു പ്രതിക്രിയക്ക് പകരം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.  അന്നത്തെ കാലത്തു ഇത്രയും ഭീമമായ ഒരു തുക സംഘടിപ്പിക്കുക എന്നത് പ്രതികളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും സാധ്യമായിരുന്നില്ല. ശിഹാബ് കൊട്ടുകാട് വിഷയം പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.  പ്രതികളുടെ വീടും പുരയിടവും വിൽപന നടത്തി പണം കണ്ടെത്താമെന്ന നിർദേശം വന്നു. എന്നാലും പണം തികയില്ലായിരുന്നു.  എന്നാൽ ഈ നിർദേശം ഏറെ വിഷമം പിടിച്ചതാണെന്നു മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി ഖത്തറിലെ പ്രമുഖ വ്യവസായിയായിരുന്ന തൂശൂർ സ്വദേശി സി.കെ. മേനോനെ ഫോണിൽ ബന്ധപ്പെടുകയും ഇക്കാര്യത്തിൽ ആത്മാർഥമായി സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉമ്മൻ ചാണ്ടി സാറിന്റെ അഭ്യർത്ഥനയായപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ വധശിക്ഷക്ക് പകരമായി വാദിഭാഗം ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാൻ അത്യുദാരനും മനുഷ്യ സ്‌നേഹിയുമായ സി.കെ. മേനോൻ സന്നദ്ധനായി.  
അങ്ങനെ പ്രവാസ ലോകത്ത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിലൂടെ  ഉമ്മൻ ചാണ്ടി സാറും സി.കെ. മേനോനും നാലു മലയാളികളെ വധശിക്ഷയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഇതിലൂടെ നാലു കുടുംബങ്ങളുടെ  കണ്ണീരൊപ്പാനും ആ വീട്ടുകാരിലാകെ ആശ്വാസത്തിന്റെ കുളിര് പെയ്യിക്കാനും കഴിഞ്ഞു. വലിയൊരു പരിശ്രമത്തിന്റെയും പ്രാർഥനയുടെയും സൽഫലമായിരുന്നു അത്. ഇന്ന് നമ്മോടൊപ്പമില്ലാത്ത ഉമ്മൻ ചാണ്ടി സാറിന്റെയും സി.കെ. മേനോന്റെയും സഹായ സ്മരണകൾ വധശിക്ഷയിൽ നിന്നൊഴിവായ ആ നാലു കുടുംബത്തിന് ഒരിക്കലും മറക്കാനാവില്ല. അത്തരം എത്രയോ സഹായങ്ങളുടെയും സദ്കർമങ്ങളുടെയും നല്ല ഓർമകൾ അവശേഷിപ്പിച്ചാണ് ഉമ്മൻ ചാണ്ടി സാർ കടന്നുപോയത്. പ്രവാസികൾക്ക് ഒരിക്കലും മറക്കാനാവാവില്ല, അദ്ദേഹം നൽകിയ സേവനങ്ങൾ. 2009 ലും 2016 ലും ഉമ്മൻ ചാണ്ടി സാർ സൗദിയിൽ സന്ദർശനം നടത്തിയിരുന്നു.   മനുഷ്യത്വത്തിന്റെ വറ്റാത്ത മഹാപ്രവാഹമാണ് ഉമ്മൻ ചാണ്ടിയുടെ വേർപാടിലൂടെ നിലച്ചുപോയത്.

Latest News