Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാൻ: ഓർമയിൽ ഒരു പ്രതിഭ

മലയാളം ന്യൂസ് സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാൻ വിടപറഞ്ഞിട്ട് നാലു വർഷം പിന്നിടുന്നു. ഗൾഫ് മലയാളിയുടെ പ്രഭാതങ്ങളിലേക്ക് അന്നന്നത്തെ ചൂടുള്ള വാർത്തകളുമായി ഒരു പത്രം എന്ന സ്വപ്ന സാക്ഷാത്കാരം നിർവഹിച്ച ഫാറൂഖ് ലുഖ്മാൻ ഓർമയിലേക്ക് മറഞ്ഞതിന്റെ വാർഷികമാണ് കടന്നുപോയത്. മലയാളം ന്യൂസ് ഡിജിറ്റൽ ലോകത്തേക്ക് അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തുകയും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസികളുടെ വിരൽതുമ്പിലേക്ക് ആധികാരിക വാർത്തകളുടെ അതിവേഗ വിശേഷങ്ങളുമായി കടന്നുചെല്ലുകയും ചെയ്യുന്ന നാളുകളിലും പ്രതിഭാധനനായ ആ പത്രാധിപർ പടുത്തുയർത്തിയ അസ്തിവാരമാണ് പിൻബലമാകുന്നത്. 

 

അച്ചടി മാധ്യമങ്ങൾ അദൃശ്യതയിലേക്ക് നീങ്ങുന്ന ഡിജിറ്റൽ കാലത്ത്, നവലോക സാധ്യതകളെക്കുറിച്ച് മുമ്പേ ചിന്തിച്ച ഒരു പ്രതിഭയെക്കുറിച്ചുളള ഓർമകളിലേക്ക് മനസ്സ് നീങ്ങുന്നു. നാലു വർഷത്തിനപ്പുറം കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞ, അനന്യസാധാരണമായ ഉൾക്കാഴ്ചയുള്ള ഒരു പത്രാധിപരുടെ സാന്നിധ്യത്തെയും സാമീപ്യത്തെയും കുറിച്ച ഓർമകളാണത്. മലയാളം ന്യൂസ് എന്ന ദിനപത്രത്തിലൂടെ ഓരോ പ്രവാസിയുടെയും മനസ്സിൽ അക്ഷരപുണ്യമായി ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ഫാറൂഖ് ലുഖ്മാൻ എന്ന പത്രാധിപർ.
2019 ജൂലൈ 27 നായിരുന്നു ആ വിടവാങ്ങൽ. ഒരു കഷ്ണം കടലാസ് എവിടെനിന്നെങ്കിലും തേടിപ്പിടിച്ച് വായിക്കുന്ന, ദിനപത്രം കാണാൻ ആഴ്ചകൾ ക്ഷമയോടെ കാത്തിരിക്കുന്ന ഗൾഫ് മലയാളിയുടെ പ്രഭാതങ്ങളിലേക്ക് അന്നന്നത്തെ ചൂടുള്ള വാർത്തകളുമായി ഒരു പത്രം എന്ന സ്വപ്ന സാക്ഷാത്കാരം നിർവഹിച്ച ഫാറൂഖ് ലുഖ്മാൻ ഓർമയിലേക്ക് മറഞ്ഞതിന്റെ വാർഷികമാണ് കടന്നുപോയത്.
വായനക്കാരന്റെ പത്രാധിപർ എന്ന പേര് അന്വർഥമാക്കിയ മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹം.  മുഖപ്രസംഗമില്ലാത്ത മലയാളം ന്യൂസിൽ എക്കാലവും വായനക്കാരായിരുന്നു മുഖപ്രസംഗമെഴുത്തുകാർ. ഡെസ്‌കിൽ കൂമ്പാരം നിറയുന്ന വായനക്കാരുടെ കത്തുകൾ ആ വാർത്താ കൗശലത്തിന്റെ സൃഷ്ടിയായിരുന്നു. മലയാളം ന്യൂസിലൂടെ കത്തുകളെഴുതി, പിന്നെ ലേഖനങ്ങളെഴുതി ഗ്രന്ഥകർത്താക്കൾ വരെയായി പലരും. അക്കാര്യം നന്ദിയോടെ സ്മരിക്കുകയും പത്രത്തിന്റെ വാർഷിക വേളകളിൽ കൃതജ്ഞതാഭരിതമായി അതൊക്കെ ഓർത്തെടുക്കുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. 
മലയാളം ന്യൂസ് പുതിയ ഉയരങ്ങൾ പിന്നിടുമ്പോഴും ഡിജിറ്റൽ ലോകത്തേക്ക് അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തുകയും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസികളുടെ വിരൽതുമ്പിലേക്ക് ആധികാരിക വാർത്തകളുടെ അതിവേഗ വിശേഷങ്ങളുമായി കടന്നുചെല്ലുകയും ചെയ്യുന്ന ഈ നാളുകളിലും പ്രതിഭാധനനായ ആ പത്രാധിപർ പടുത്തുയർത്തിയ അസ്തിവാരമാണ് പിൻബലമാകുന്നത്. അത്തരമൊരു കാലത്തെ വളരെ നേരത്തേ തൊട്ടറിഞ്ഞ സവിശേഷമായ അറിവുകളുടെ കലവറ കൂടിയായിരുന്നു അദ്ദേഹം.
അച്ചടി മാധ്യമങ്ങൾക്ക് അധികം ആയുസ്സില്ലെന്നും ഇന്റർനെറ്റ് ഒരു പക്ഷേ പ്രിന്റ് ചെയ്തിറങ്ങുന്ന പത്രങ്ങളുടെ കാലം അവസാനിപ്പിക്കുമെന്നും ദീർഘദർശനത്തോടെ പറയുമായിരുന്നു അദ്ദേഹം. ലോകത്തെവിടെയെങ്കിലും ഒരു പത്രം അച്ചടി അവസാനിപ്പിച്ചാൽ തന്റെ വാദത്തിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി ആ വാർത്തയുമായി ഡെസ്‌കിലെത്തും. പത്രങ്ങൾ പ്രതിസന്ധി നേരിടുകയും വാർത്തകൾ ഓൺലൈനിലേക്ക് കൂടുമാറുകയും ചെയ്യുന്ന കാലം ഇപ്പോൾ എത്തിയിരിക്കുന്നു. അതിനാൽ തന്നെ കാലത്തിന് മുമ്പേ സഞ്ചരിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പറയുന്നതിൽ തെറ്റില്ല.
സാധാരണക്കാരന്റെ പ്രശ്‌നങ്ങളോടും പ്രയാസങ്ങളോടും എപ്പോഴും അനുഭാവം കാണിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പത്രപ്രവർത്തകനു വേണ്ട ഏറ്റവും വലിയ ഗുണം, നിരീക്ഷിക്കാനുള്ള കൗതുകം, വാർത്തകൾ മണത്തറിയുന്ന സ്വഭാവം, രണ്ടും ഫാറൂഖ് ലുഖ്മാന് വേണ്ടുവോളമുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽനിന്ന് പുലർച്ചെ കോവളത്തേക്ക് ടാക്‌സിയിൽ സഞ്ചരിക്കുമ്പോൾ താൻ കണ്ട കൗതുകരമായ കാഴ്ചകൾ അദ്ദേഹം ഞങ്ങളോട് പങ്കുവെക്കുമായിരുന്നു. അതിലൊന്ന്, ചായക്കടകൾക്ക് മുന്നിലെ ബെഞ്ചുകളിൽ ചായ മൊത്തി, പത്രം വായിക്കുന്ന സാധാരണക്കാരന്റെ ദൃശ്യമായിരുന്നു. കോവളത്തെ തീരത്ത് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങളിൽ ചാരി മീൻപിടിത്തക്കാരായ തൊഴിലാളികൾ പത്രം വായിക്കുന്നതിൽ മുഴുകുന്നത് കണ്ട ഫാറൂഖ് ലുഖ്മാൻ. മലയാളിയുടെ പത്രവായനാ കൗതുകം പണ്ടേ മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മനസ്സിൽ മലയാളം ന്യൂസ് എന്ന പ്രവാസി പത്രം മുളപൊട്ടിയതിൽ അത്ഭുതമൊന്നുമില്ല. 

അവിചാരിതമായോ യാദൃഛികമായോ പത്രപ്രവർത്തനത്തിലേക്ക് എത്തിപ്പെട്ടതായിരുന്നില്ല അദ്ദേഹം. സിരകളിൽ ഒഴുകിയിരുന്നത് അക്ഷരങ്ങളെ പ്രേമിച്ച രക്തമായിരുന്നു. പിതാവ് യെമനിലെ പ്രസിദ്ധനായ പത്രാധിപരും പ്രസാധകനും. അതിനാൽ തന്നെ പത്രപ്രവർത്തനം അദ്ദേഹത്തെ സംബന്ധിച്ച് ജന്മഗുണമായിരുന്നു. വാർത്തകളോട് അടങ്ങാത്ത ദാഹവും പ്രേമവുമായിരുന്നു. അനുനിമിഷം ആയിരക്കണക്കിന് വാർത്തകൾ ഇറ്റിവീഴുന്നത് നോക്കി താപസനെപ്പോലെ ഇരിക്കും. 
ആഗോള വാർത്തകൾ വിശകലനം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ സാമർഥ്യത്തിനും അറബ് ലോകത്ത് പകരം വെക്കാൻ ആളില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ബേനസീർ ഭുട്ടോ അധികാരമേറ്റപ്പോൾ ഒരു ദിവസം എഡിറ്റോറിയൽ മീറ്റിംഗിൽ അദ്ദേഹം ചോദിച്ചു, നിങ്ങൾ കരുതുന്നുണ്ടോ ബേനസീർ അധികകാലം അധികാരത്തിൽ തുടരുമെന്ന്. അവർ തീർച്ചയായും വധിക്കപ്പെടും. തികച്ചും സത്യമായി പുലർന്ന പ്രവചനം. അത്, ഒരു ജ്യോതിഷിയുടെ പ്രവചനമല്ല, പാക് രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളിലേക്ക് ആഴത്തിൽ കടന്നുചെന്ന വിദഗ്ധനായ ഒരു പത്രപ്രവർത്തകന്റെ തീർച്ചയായിരുന്നു. അക്കാലത്ത് മലയാളം ന്യൂസിനൊപ്പം ഉറുദു ന്യൂസിന്റെയും മുഖ്യ പത്രാധിപരായിരുന്നു അദ്ദേഹം.
തികച്ചും ജനകീയനായ പത്രാധിപരായിരുന്നു ഫാറൂഖ് ലുഖ്മാൻ. മലയാളം ന്യൂസിലൂടെ ശക്തമായ ഒരു അദൃശ്യ സാന്നിധ്യമായിരുന്നു ഫാറൂഖ് ലുഖ്മാൻ പ്രവാസി മലയാളികൾക്കിടയിൽ. മലയാളി കൂട്ടായ്മകളുടെ യോഗങ്ങളിലും സമ്മേളനങ്ങളിലുമൊക്കെ സംബന്ധിക്കാൻ അതീവ താൽപര്യമായിരുന്നു അദ്ദേഹത്തിന്. ഔപചാരികതകളില്ലാത്ത, നർമം കലർത്തിയുള്ള സംഭാഷണത്തിലൂടെ ആരുടെയും ഹൃദയം വശീകരിക്കും. ഒരിക്കൽ കണ്ടാൽ, പരിചയപ്പെട്ടാൽ പിന്നെ മനസ്സിന്റെ പടിയിറങ്ങിപ്പോകാത്ത വ്യക്തിത്വം. ജിദ്ദയിൽ മാത്രമല്ല, റിയാദിലും ദമാമിലും ഖമീസ് മുഷൈത്തിലുമൊക്കെയുള്ള മലയാളികൾക്കിടയിൽ അദ്ദേഹം സുപരിചിതനായിരുന്നു. 
വാർത്തകളും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം അറിഞ്ഞ പത്രാധിപരായിരുന്നു അദ്ദേഹം. ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികൾക്കായുള്ള അദ്ദേഹത്തിന്റെ അന്വേഷണം ഇതിന്റെ ഫലമായിരുന്നു. വിരസമായ വാർത്താമുറികളെ സചേതനമാക്കുന്ന എന്തോ ഒരു തരം മാന്ത്രികത അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ആ വശ്യമായ പെരുമാറ്റം തന്നെയാണ് ഗൾഫ് രാജ്യങ്ങളിലെ മലയാളികളെ അദ്ദേഹത്തോട് അടുപ്പിച്ചത്. വീണ്ടുമൊരു ജൂലൈ 27 പിന്നിടുമ്പോൾ ആ മഹാപ്രതിഭക്ക് ഒരിക്കൽ കൂടി സ്മരണാഞ്ജലി. 

Latest News