Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

ബലി കര്‍മത്തിനായി 11 ലക്ഷം ആടുകളെ ഇറക്കുമതി ചെയ്യും

ജിദ്ദ - ഈ വര്‍ഷം ഹജ് സീസണില്‍ ബലി കര്‍മത്തിനായി വിദേശങ്ങളില്‍ നിന്ന് 11,40,000 ആടുകളെ ഇറക്കുമതി ചെയ്യുമെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി ഡോ. ഉമര്‍ അല്‍ഫഖീഹ് അറിയിച്ചു.  61,813 ആടുകളെ ഇറക്കുമതി ചെയ്യുന്നതിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഹജ് സീസണ്‍ മുന്നില്‍ കണ്ടുള്ള തയാറെടുപ്പുകള്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജിദ്ദ തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന കാലികളെ പരിശോധിച്ച് രോഗമുക്തമാണെന്ന് ഉറപ്പു വരുത്തുന്നതിന് മതിയായ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു.  ഉറവിടം അന്വേഷിച്ചും രോഗമുക്തമാണെന്ന് ഉറപ്പു വരുത്തിയുമല്ലാതെ ആടുകളെ മക്കയില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ പ്രവേശന കവാടങ്ങളില്‍ ചെക്ക് പോയന്റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളില്‍ വിദഗ്ധര്‍ സേവനമനുഷ്ഠിക്കുന്നു.
മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കു കീഴില്‍ ഹജ് സീസണില്‍ 131 വെറ്ററിനറി ഡോക്ടര്‍മാരും അസിസ്റ്റന്റുമാരും മറ്റു ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ 36 പേര്‍ മറ്റു പ്രവിശ്യകളിലെ മന്ത്രാലയ ശാഖകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയവരും അവശേഷിക്കുന്നവര്‍ മക്ക ശാഖക്കു കീഴിലെ ജീവനക്കാരുമാണ്. കഅ്കിയ, ശുമൈസി, ശറായിഅ്, അല്‍നൂരിയ, അല്‍ഹദ എന്നിവിടങ്ങളില്‍ കാലികളെ പരിശോധിക്കുന്നതിന് വെറ്ററിനറി സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം കാലി പരിശോധനകള്‍ക്ക് അല്‍ഹുസൈനിയയിലും ജഅ്‌റാനയിലും പുതുതായി രണ്ടു ചെക്ക് പോയന്റുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.
സാങ്കേതിക ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വെറ്ററിനറി സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് മക്ക പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ ആസ്ഥാനത്ത് ശില്‍പശാല സംഘടിപ്പിച്ചിരുന്നു.
മക്കയില്‍ പ്രവേശിക്കുന്ന കാലികളെ പരിശോധിക്കുന്നതിനും നമ്പറുകള്‍ നല്‍കുന്നതിനും മൃഗസംരക്ഷണ നിയമവും കാലി സമ്പത്ത് നിയമവും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ജിദ്ദ, ജുമൂം, ലൈത്ത് എന്നിവിടങ്ങളില്‍ മന്ത്രാലയം ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഫീല്‍ഡ് വെറ്ററിനറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോ. ഉമര്‍ അല്‍ഫഖീഹ് പറഞ്ഞു.
 

Latest News