Sorry, you need to enable JavaScript to visit this website.

ഖുർആൻ കത്തിക്കൽ: ഡെന്മാർക്കിനെ  പ്രതിഷേധം അറിയിച്ച് സൗദി അറേബ്യ

ജിദ്ദ - കോപൻഹേഗനിൽ ഒരുകൂട്ടം തീവ്രവാദികൾ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചതിൽ സൗദിയിലെ ഡാനിഷ് എംബസി ചാർജ് ഡി അഫയേഴ്‌സിനെ സൗദി വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മന്ത്രാലയം ഔദ്യോഗിക പ്രതിഷേധം രേഖാമൂലം അറിയിച്ചു. മുഴുവൻ മതാധ്യാപനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളം ലംഘിക്കുന്ന ഇത്തരം അപമാനകരമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ ഡാനിഷ് ഗവൺമെന്റ് നടപടികൾ സ്വീകരിക്കണമെന്ന് ചാർജ് ഡി അഫയേഴ്‌സിന് കൈമാറിയ പ്രതിഷേധക്കുറിപ്പിൽ സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യത്യസ്ത മതാനുയായികൾക്കിടയിൽ വിദ്വേഷവും വെറുപ്പും വളർത്തുന്ന ഇത്തരം പ്രവൃത്തികൾ സൗദി അറേബ്യ തീർത്തും നിരാകരിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു.
വിശുദ്ധ ഖുർആൻ അവഹേളനം ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിൽ കഴിഞ്ഞയാഴ്ച സൗദി അറേബ്യ അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഡെന്മാർക്കിലെ തീവ്രവാദി സംഘം കോപൻഹേഗനിൽ ഇറാഖ് എംബസിക്കു മുന്നിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിക്കുകയും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ വംശീയ, വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തുകയുമായിരുന്നു. സമാന സംഭവം സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലും അരങ്ങേറിയിരുന്നു. ഇതേ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ സ്വീഡിഷ്, ഡാനിഷ് അംബാസഡർമാരെയും ചാർജ് ഡി അഫയേഴ്‌സുമാരെയും വിദേശ മന്ത്രാലയ ആസ്ഥാനങ്ങളിലേക്ക് വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
കയ്‌റോയിലെ ഡാനിഷ് അംബാസഡറെ ഈജിപ്ഷ്യൻ വിദേശ മന്ത്രാലയവും വിളിച്ചുവരുത്തി ഖുർആൻ കത്തിച്ചതിൽ പ്രതിഷേധം അറിയിച്ചു. കോപൻഹേഗനിലെ ഈജിപ്ഷ്യൻ എംബസിക്കു മുന്നിൽ അഞ്ചു ഇസ്‌ലാം വിരുദ്ധ പ്രവർത്തകർ ചൊവ്വാഴ്ച മുസ്ഹഫ് കോപ്പി അഗ്നിക്കിരയാക്കിയിരുന്നു. ഒരാഴ്ചക്കിടെ ഡെന്മാർക്കിൽ നടക്കുന്ന ഇത്തരത്തിൽ പെട്ട മൂന്നാമത്തെ സംഭവമാണിത്. സമീപ രാജ്യമായ സ്റ്റോക്ക്‌ഹോമിൽ ബലിപെരുന്നാൾ ദിവസം സെൻട്രൽ മസ്ജിദിനു മുന്നിൽ വെച്ച് ഇറാഖി അഭയാർഥി ഖുർആൻ കത്തിക്കുകയും ദിവസങ്ങൾക്കു ശേഷം ഇതേ തീവ്രവാദിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റോക്ക്‌ഹോം ഇറാഖ് എംബസിക്കു മുന്നിൽ ഖുർആൻ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഡെന്മാർക്കിലും സമാന സംഭവങ്ങൾ നടന്നത്. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ എന്നെന്നേക്കുമായി തടയാൻ കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന്, ഡെന്മാർക്കിലെയും സമാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റു രാജ്യങ്ങളിലെയും അധികാരികളോട് ഈജിപ്ത് ആവശ്യപ്പെട്ടതായി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പറഞ്ഞു.

Latest News