Sorry, you need to enable JavaScript to visit this website.

ഭരണാധികാരി മൗനിയായാൽ മണിപ്പൂർ എവിടെയും സംഭവിക്കും-ടി. പത്മനാഭൻ

മണിപ്പൂർ ഐക്യദാർഢ്യ സദസ് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി-മൗനിയായ ഭരണാധികാരി അധികാരത്തിലിരിക്കുമ്പോൾ എവിടെയും മണിപ്പൂർ ആവർത്തിക്കുമെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച  മണിപ്പൂർ ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യവും സന്ദർശിച്ച് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഭരണാധികാരിക്ക് ഇന്ത്യക്ക് വെളിയിലിറങ്ങാൻ ഇനി അല്പം ജാള്യതയുണ്ടാവും. ലോകത്തിലെ പ്രബല രാജ്യങ്ങൾ മണിപ്പൂർ കലാപത്തിനെതിരെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. വൈവിധ്യങ്ങളെ മാറ്റി ഏകാത്മക രീതി മതിയെന്ന് പറയുന്നവരാണ് നാട് ഭരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെവിടെയും ഈ വിഭാഗത്തെ കണ്ടിട്ടില്ല. എല്ലാ ഏകാധിപതിയും ഭരണത്തിൽ വന്നാൽ ആദ്യം ചരിത്രം മാറ്റിയെഴുതും റഷ്യയുടെയും ചൈനയുടെയും ജർമ്മനിയുടെയും ചരിത്രം അതാണ് നമ്മോട് പറയുന്നത്. നമ്മുടെ രാജ്യത്തും ഘട്ടം ഘട്ടമായി ചരിത്രം മാറ്റിയെഴുതുകയാണ്. അത്യന്തം ഭീതിതമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അപ്പോൾ മണിപ്പൂർ ആവർത്തിച്ച് കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതത്തെ ആയുധമാക്കി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഭരണഘടന തന്നെ ഇല്ലാതാക്കുകയാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. റവ .ഫാ.ഫിലിപ്പ് കാവിയിൽ, യഹ്‌യ  ബാഖവി, സണ്ണി ജോസഫ് എം.എൽ.എ, സജീവ്  ജോസഫ് എം.എൽ.എ, അഡ്വ.സോണി സെബാസ്റ്റ്യൻ,  പി.ടി.മാത്യു, ചന്ദ്രൻ തില്ലങ്കേരി ,ഡോ.കെ.വി.ഫിലോമിന,ശ്രീജ മഠത്തിൽ,പി.കെ.ജനാർദ്ദനൻ,പി.എ.നസീർ   എന്നിവർ സംസാരിച്ചു.

Latest News