Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വസ്തുകൈമാറ്റത്തിന് മുന്നാധാരം നിർബന്ധമില്ല-ഹൈക്കോടതി

കൊച്ചി- വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്നതിന് മുന്നാധാരം നിർബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവ്. പാലക്കാട് സ്വദേശികളായ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥന്റെ ഉത്തരവ്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ കൈവശാവകാശം കൈമാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു ഹർജി. രജിസ്ട്രേഷനിലൂടെ ഒരുവ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാൾക്ക് കൈമാറുന്നത് എന്നതിനാൽ മുൻകാല ആധാരം ഹാജരാക്കണമെന്നു പറഞ്ഞു രജിസ്‌ട്രേഷൻ നിഷേധിക്കാൻ സബ് രജിസ്ട്രാർക്കാവില്ല. ഇതോടെ മുന്നാധാരങ്ങൾ ഇല്ലാതെയും രജിസ്‌ട്രേഷൻ നടക്കുമെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ മറ്റു റവന്യു നടപടികൾ ബാധകമായേക്കും. കൈവശാവകാശം കൈമാറി രജിസ്‌ട്രേഷൻ നടത്താൻ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാർമാർ നോക്കേണ്ടതില്ലെന്നും സുമതി കേസിൽ' ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാൾക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്. പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥത ഉൾപ്പെടെ അവകാശങ്ങൾ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുൻഉത്തരവിലുണ്ട്. രജിസ്‌ട്രേഷൻ നിയമത്തിലെ 17 വകുപ്പ് പ്രകാരം മുന്നാധാരം നിഷ്‌കർഷിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സർക്കാർ ഭൂമിയല്ലാത്തതിനാൽ രജിസ്ട്രഷൻ നിഷേധിക്കാനാകില്ലെന്നും ഹർജിക്കാർ വാദിച്ചു.
വസ്തുവിൽ 'വെറും പാട്ടം' അവകാശപ്പെട്ട സാഹചര്യത്തിലാണ് അത് ആവശ്യപ്പെട്ടതെന്ന് ഗവണ്മെന്റ് പ്ലീഡർ വാദിച്ചു. മറ്റ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഹർജിക്കാർക്കു രജിസ്‌ട്രേഷൻ അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
 

Latest News