കോട്ടയം - കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ മൂന്നു പേർ മരിച്ചു. രണ്ടു പേരെ കാണാതായി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയിൽ നൂറ്റിഅമ്പതിൽപരം വീടുകൾ ഭാഗികമായി തകർന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. നാലു താലൂക്കുകളിലായി 83 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.മുണ്ടക്കയത്ത് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് രണ്ടു പേരെ കാണാതായി. ആറ്റിൽ ചൂണ്ട ഇടുവാൻ പോയവരിൽ ഒരാൾ വെള്ളത്തിൽ തെന്നി വീണപ്പോൾ മറ്റെയാൾ രക്ഷിക്കുവാൻ വേണ്ടി ചാടുകയായിരുന്നു. നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന ആറ്റിൽ ഇവർ കുത്തൊഴുക്കിൽ പെടുകയായിരുന്നു. ഇവർ ആറ്റിൽ വീഴുന്നത് കണ്ടയാൾ ഉടൻ തന്നെ നാട്ടുകാർ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയുമായിരുന്നു. സംഘം ഉടൻതന്നെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ തുടരുന്നു. അന്യസംസ്ഥാന തൊഴിലാളികളാവാം ഒഴുക്കിൽപെട്ടത് എന്ന് കരുതുന്നു.
മൂലേപ്ലാവ് ആറ്റുപുറത്ത് വീട്ടിൽ ശിവൻകുട്ടി (50) പഴയിടം വലയിൽപ്പടി ഷാപ്പിന് സമീപത്തെ കൈത്തോട്ടിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. നാഗമ്പടം ക്ഷേത്രത്തിന് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത സ്വദേശി ഷിബു അധികാരി (36) ആണ് മരിച്ചത്.
റോഡിൽ വെള്ളം കയറിയതുമൂലമുണ്ടായ വെള്ളക്കെട്ടിൽ കാൽ വഴുതി വീണു മേലമ്പാറ കുന്നത്ത് കെ.വി. ജോസഫ് (58) ആണ് മരിച്ചത്. മേലമ്പാറ ജംഗ്ക്ഷനിൽ വർഷങ്ങളായി ചായക്കട നടത്തുന്ന ഇദ്ദേഹം ഉച്ചയ്ക്ക് വീട്ടിൽ പോയി തിരികെ കടയിലേയ്ക്ക് വരുന്ന വഴി റോഡിലെ വെള്ളക്കെട്ടിൽ കാൽ തെന്നി വീണ് മരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഇദ്ദേഹം കടയിൽ വരാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌ക്കാരം പിന്നീട്
ശക്തമായ മഴയിൽ കിഴക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ തുടരുന്നു. പ്രദേശങ്ങളിൽ വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. കൂട്ടിക്കൽ, പാതാമ്പുഴ, തീക്കോയി, പൂഞ്ഞാർ, ഇളംകാട് എന്നീ പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇന്നലെ പുലർച്ചെയോടെയാണു ഉരുൾ പൊട്ടിയത്. തീക്കോയി 30 ഏക്കറിലാണു ഉരുൾ പൊട്ടിയത്. പ്രദേശത്തെ ജനങ്ങൾ ആശങ്കയിലും ഒപ്പം ജാഗ്രതയിലുമാണ്. ഇളംകാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ വെള്ളപാച്ചിലിൽ റോഡ് ഒലിച്ചുപോയി. ഇതോടെ മുണ്ടക്കയത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം കയറി, മണിമല റോഡിൽ ബസുകൾ സർവ്വീസുകൾ നിർത്തിവച്ചു. ഈരാറ്റുപേട്ട റോഡിലും ചെറുവാഹനങ്ങളുടെ ഗതാഗതം വെള്ളം കയറിയതിനെ തുടർന്ന് തടസപ്പെട്ടു. മുണ്ടക്കയം കോസ്‌വേ, കുട്ടിക്കൽ ചപ്പാത്ത്, പഴയിടം പാലം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. മുണ്ടക്കയം കോസ് വേ വെള്ളത്തിനടിയിലായതിനെ തുടർന്ന് കോരുത്തോട്, എരുമേലി, പുഞ്ചവയൽ മേഖലയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. മണിമലയാർ കരകവിഞ്ഞൊഴുകുന്നതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉരുൾ പൊട്ടലിൽ പ്രധാന റോഡുകൾക്കു പുറമേ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. തിങ്കൾ രാവിലെ കോട്ടയം-പാലാ റോഡിൽ ബസ് സർവീസ് നിലച്ചു. ഏറ്റുമാനൂർ പേരൂർ റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും വ്യാപകമായി വെള്ളം കയറി നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകളിലേക്ക് മരം വീണതിനെ തുടർന്ന് പല പ്രദേശങ്ങളിലും മണിക്കൂറുകളായി വൈദ്യുതി നിലച്ചിരിക്കുകയാണ്. ഏറ്റുമാനൂർ ടൗണിൽ പേരൂർകവലയിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയും റോഡുകളിൽ വെള്ളം കയറിയതോടെ സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നിർത്തിവച്ചത് ജനങ്ങളെ വലച്ചു. ജില്ലയിലെ മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പാല, ഈരാറ്റുപേട്ട, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവച്ചു. കുമരകം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും റോഡ് ഗതാഗതവും താറുമാറായി. റോഡ് തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
ജില്ലയിൽ നാല് താലൂക്കുകളിലായി 83 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പിൽ 1832 കുടുംബങ്ങളിലെ 7444 പേരാണ് കഴിയുന്നത്. ജില്ലയിൽ 160 ഓളം വീടുകൾ ഭാഗികമായി തകർന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്കാട് കുന്നാട് ഭാഗത്തും ഉരുൾപൊട്ടി. മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ, പാതാമ്പുഴ, തീക്കോയി, അട്ടിക്കളം റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെഎസ്ഇബിക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. റോഡ് തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടർ നെൽകൃഷി വെള്ളത്തിനടിയിലായി. വെള്ളം ഇറങ്ങിയാൽ മാത്രമേ നഷ്ടത്തിന്റെ കണക്കെടുപ്പ് സാധ്യമാവൂ. ജില്ലയിൽ മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ചെറുവള്ളി വില്ലേജിൽ ശിവൻ കുട്ടിയാണ് (50) മണിമലയാറ്റിൽ വീണു മരിച്ചത്. രണ്ടുപേരെ കാണാതായി.